ലഹരി സിറിഞ്ച് മാറിമാറി ഉപയോഗിച്ചു; മലപ്പുറം വളാഞ്ചേരിയിൽ 9 പേർക്ക് എച്ച്ഐവി ബാധ
മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിച്ച സിറിഞ്ചിലൂടെ ഒമ്പതു പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. മൂന്ന് അതിഥിതൊഴിലാളികളുൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.Valancherry
രണ്ടു മാസത്തിനിടെയാണ് രോഗം ബാധിച്ചതെന്ന് മലപ്പുറം ഡി.എം.ഒ ഡോ.ആര്‍ രേണുക പറഞ്ഞു. എച്ച്‌ഐവി ബാധിതനായ ഒരാൾ ഉപയോഗിച്ച സിറിഞ്ച് മറ്റുള്ളവർ ഉപയോഗിച്ചതാണ് രോഗം വ്യാപിക്കാൻ കാരണമെന്നും ഡിഎംഒ വ്യക്തമാക്കി.
കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി നടത്തിയ സ്‌ക്രീനിങ്ങിനിടെയാണ് വളാഞ്ചേരിയിലെ ഒരാൾക്ക് രോഗം കണ്ടെത്തിയത്. ഇയാൾക്ക് കൗൺസിലിങ്ങ് നൽകുന്നതിനിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ഒമ്പത് പേർക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. എച്ച് ഐവി സ്ഥിരീകരിച്ചവരെ ചികിത്സക്കായി മാറ്റിയിട്ടുണ്ട്. ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
അതേസമയം, വളാഞ്ചേരിയിൽ എച്ച്ഐവി സ്ഥിരീകരിച്ച വാർത്ത ആശങ്കയുണ്ടാക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. ലഹരിക്ക് എതിരായുള്ള ക്യാമ്പയിൻ കൂടുതൽ ശക്തമാക്കും. ലഹരി ഉപയോഗം ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.