‘യുവാവെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്, എന്തെങ്കിലും കഴിവുണ്ടോ അതുമില്ല’; തേജസ്വി യാദവിനെതിരെ ജിതൻ റാം മാഞ്ചി

Tejashwi Yadav

ഗയ: ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി രംഗത്ത്. സ്വയം യുവാവെന്ന് വിശേഷിപ്പിക്കുന്ന തേജസ്വിക്ക് ഒരു കഴിവുമില്ലെന്ന് മാഞ്ചി പരിഹസിച്ചു. ബിഹാറിന് 75 വയസായ ഒരു മുഖ്യമന്ത്രി വേണോ എന്ന തേജസ്വി യാദവിന്‍റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.Tejashwi Yadav

“രാഷ്ട്രീയത്തിൽ പ്രായത്തിന്‍റെ കാര്യത്തിൽ, നിങ്ങൾ എത്രത്തോളം വൃദ്ധനാകുന്നുവോ അത്രത്തോളം നിങ്ങളുടെ വ്യക്തിത്വം കൂടുതൽ ശക്തമാകും. യുവാക്കൾക്ക് ശക്തിയുണ്ട്, അവർക്ക് എല്ലാ ദിവസവും വിജയിക്കാനും കഴിയും. സ്വയം ഒരു യുവാവ് എന്ന് വിളിക്കുന്ന തേജസ്വി യാദവിന് ഒരു കഴിവും ഇല്ലെന്ന് എനിക്ക് തോന്നുന്നു.അയാൾ മാത്രമാണോ യുവാവ്? അമിത് ഷായ്ക്കും നിതീഷ് കുമാറിനും പകരക്കാരനാകാൻ കഴിയുമെന്ന് അയാൾക്ക് എങ്ങനെ ചിന്തിക്കാൻ കഴിയും? എൻഡിഎയിലും കഴിവുള്ള നിരവധി യുവാക്കളുണ്ട്. അധികാരം പിടിച്ചെടുക്കുക മാത്രമാണ് മഹാഗത്ബന്ധന്‍റെ ലക്ഷ്യം” ജിതൻ റാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രായവും അനുഭവപരിചയവും പ്രധാനമാണെന്ന് ജിതൻ റാം മാഞ്ചി എടുത്തുപറഞ്ഞു. പ്രായമായ നേതാക്കൾ കാലക്രമേണ കൂടുതൽ ശക്തരും ജ്ഞാനികളുമായിത്തീരുമെന്നും കൂട്ടിച്ചേര്‍ത്തു.

പട്നയിൽ ഒരു റാലിക്കിടെയായിരുന്നു തേജസ്വിയുടെ പരാമര്‍ശം. “ഇപ്പോൾ നമുക്ക് വേണ്ടത് കാര്യക്ഷമമല്ലാത്ത ഒരു സർക്കാരല്ല. വിരമിക്കൽ പ്രായം 60 വയസാണ്. നിങ്ങൾക്ക് 75 വയസുള്ള ഒരു മുഖ്യമന്ത്രിയെ വേണോ?…ഇപ്പോൾ സമയമായി പഴയ കാര്‍ ഉപയോഗിച്ചല്ല, പുതിയൊരു വാഹനം ഉപയോഗിച്ചാണ് നമ്മൾ ബിഹാറിനെ മുന്നോട്ട് കൊണ്ടുപോകേണ്ടത് “എന്നാണ് തേജസ്വി പറഞ്ഞത്. “നിതീഷ് കുമാറിന് ഒരു കാഴ്ചപ്പാടോ ഒരു രൂപരേഖയോ ഇല്ലെന്നും 20 വർഷത്തേക്ക് ജനങ്ങൾ അദ്ദേഹത്തിന് അവസരം നൽകിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർക്ക് അദ്ദേഹത്തെ മടുത്തുവെന്നും” തേജസ്വി യാദവ് എഎൻഐയോട് പറഞ്ഞു. ബിഹാര്‍ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയവർക്കെതിരെ എത്ര കേസുകൾ ഉണ്ടെന്നതിന്‍റെ പശ്ചാത്തലം ജനങ്ങൾ പരിശോധിക്കണം.

2025ൽ എൻഡിഎക്ക് അവസാനമാകും. നിതീഷ് കുമാറിന്. മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല. അദ്ദേഹം ക്ഷീണിതനാണ്. അദ്ദേഹത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിഹാറിലെ ജനങ്ങൾക്ക് വേണ്ടത് കാലഹരണപ്പെട്ട വാഹനമല്ല, മറിച്ച് പുതിയതാണ് ” തേജസ്വി യാദവ് എഎൻഐയോട് പറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിട്ടാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *