‘ഹൃദയപൂർവ്വം’; സലാല ലീഡേഴ്‌സ് ഫോറം ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു

സലാല: വ്യത്യസ്ത മലയാളി സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്‌സ് ഫോറം ‘ഹൃദയപൂർവ്വം’ എന്ന തലക്കെട്ടിൽ ആരോഗ്യ സെമിനാർ ഒരുക്കുന്നു. ഐ.എം.എ മുസിരിസുമായി ചേർന്ന് ഫെബ്രുവരി 13 വ്യാഴം രാത്രി 8.30 ന് ലുബാൻ പാലസ് ഹാളിലാണ് പരിപാടി. വർധിച്ച് വരുന്ന ഹൃദ്രോഗ മരണങ്ങളുടെ പശ്ചാത്തലത്തിൽ ഹൃദ്രോഗവും പ്രവാസിയും എന്ന തലക്കെട്ടിലാണ് സെമിനാർ ഒരുക്കുന്നത്. വിദഗ്ധ ഡോക്ൾടർമാരുടെ പാനൽ സെമിനാർ നയിക്കും. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സ്‌പെഷിലിസ്റ്റ് ഡോക്ൾടർമാരായ ഡോ:തങ്കച്ചൻ, ഡോ:മൻസൂർ, ഡോ:അനീഷ് ബദർ സമ, ഡോ:ബീന ഫാത്തിമ നൂറുൽ ഷിഫ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരാണ് സെമിനാറിൽ പങ്കെടുക്കുന്നത്.Salalah
സലാലയിലെ മലയാളി പ്രവാസി സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്‌സ് ഫോറം ഇതാദ്യമായാണ് ഒരു പൊതു പരിപാടി ഒരുക്കുന്നത്. ആർട് ഓഫ് സ്‌പൈസസ് റെസ്റ്റോറന്റിൽ വെച്ച് പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടന്നു. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ, ഒ.അബ്ദുൽ ഗഫൂർ, സി.വി.സുദർശനൻ, റസൽ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. കുടുംബങ്ങൾ ഉൾപ്പടെ മുഴുവൻ പ്രവാസികളും ഈ പരിപാടിയുടെ പ്രചാരകരായി മാറണമെന്നും പ്രവാസികളുടെ ആരോഗ്യ ബോധവത്കരണ പരിശ്രമത്തിൽ എല്ലാവരും സംഘടനാ ഭേദമന്യേ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. സലാലയിലെ പ്രവാസികളുടെ ആരോഗ്യ സംബന്ധമായ അന്വേഷണങ്ങൾക്ക് സെമിനാറിൽ മറുപടി നൽകും. സംശയങ്ങൾ 90997331 എന്ന നമ്പറിലേക്ക് ഫെബ്രുവരി 10നകം അയക്കേണ്ടതാണ്.
