ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പടെ 12 പേർ മരിച്ചു
മസ്കത്ത്: കനത്ത മഴയിൽ മലയാളിയുൾപ്പെടെ ഒമാനിൽ 12 പേർ മരിച്ചു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ബിദിയയിലെ സനയയ്യിൽ മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്‍റെ മതിൽ തകർന്നാണ് അപകടം.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതിൽ ഒമ്പത് കുട്ടികളും ഉൾപ്പെടും. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ന്യൂനമർദത്തിന്‍റെ പശ്ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്‍റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.കനത്ത മഴയുടെ പശ്ചാത്തലത്തിൽ നാല് ഗവർണറേറ്റിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്‌കത്ത്, തെക്ക്-വടക്ക് ശർഖിയ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്കാണ് അവധി നൽകിയത്.