ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം; 82 പേജുകൾ ഒഴിവാകും; പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി

Hema Committee report may be released; 82 pages will be spared; The High Court dismissed the plea seeking non-release

 

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തളളിയത്. റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.

ജസ്റ്റീസ് വിജി അരുണാണ് ഹർജി പരിഗണിച്ചത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്. റിപ്പോർട്ടിന്റെ 82 പേജുകൾ ഒഴിവാകും. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. വനിതാ കമ്മിഷൻ, ഡബ്ല്യുസിസി എന്നിവരെ കേസിൽ കക്ഷി ചേർന്നിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ വാദിച്ചു. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട്‌ പുറത്ത് വിടുക.

 

വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്താവം. സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്ന് വനിത കമ്മീഷനും വാദിച്ചു. റിപ്പോർട്ടിന്റെ സംഗ്രഹ ഭാഗവും, ശുപാർശയും പുറത്ത് വിടണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ഹേമ കമ്മിഷൻ റിപ്പോർട്ട് 2019ലാണ് സർക്കാരിന് കൈമാറിയിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഉൾപ്പെടെ ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ൽ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *