കീം പരീക്ഷ ഫലം ഹൈകോടതി റദ്ദാക്കി
കൊച്ചി: കീം (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷ ഫലം ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടർന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷ നടത്തിയതിന് ശേഷം പ്രോസ്പെക്ടസ് മാറ്റി വെയിറ്റേജിൽ മാറ്റം വരുത്തിയതിനെയാണ് കോടതിയിൽ ചോദ്യംചെയ്തത്.
ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാർമസിയിൽ ആലപ്പുഴ പത്തിയൂർ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.
എൻജിനീയറിങ്ങിൽ 86,549 പേർ പരീക്ഷയെഴുതിയതിൽ 76,230 പേർ യോഗ്യത നേടി. ഇതിൽ 33,555 പെൺകുട്ടികളും 33,950 ആൺകുട്ടികളുമടക്കം 67,505 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ്ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സി.ബി.എസ്.ഇ സിലബസും രണ്ടുപേർ ഐ.എസ്.സി.ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.