‘ഉന്നത രാഷ്ട്രീയ ബന്ധം, കേരളത്തിന് പുറത്ത് ബിനാമി പേരില്‍ സ്വത്തുക്കള്‍’: അനന്തുകൃഷ്ണന്റെകസ്റ്റഡി അപേക്ഷയിലെ വിവരങ്ങള്‍
കൊച്ചി: ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണന്റെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ. പ്രതിക്ക് ഉന്നത രാഷ്ട്രിയ ബന്ധമുണ്ടെന്നും കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു.benami
അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ളതിനാല്‍ ഇതുസംബന്ധിച്ച അന്വേഷണം നടത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
അഞ്ചുദിവസത്തേക്കാണ് മൂവാറ്റുപുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടത്. അതേസമയം അനന്തുകൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ തട്ടിപ്പിൽ ഇഡിയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു.
അതേസമയം സന്നദ്ധ സംഘടനകളിലൂടെ ചെയ്ത പ്രൊജക്ട് ആണെന്നും സത്യം പുറത്ത് വരുമെന്നും അനന്തു കൃഷ്ണൻ മീഡിയവണിനോട് പ്രതികരിച്ചു. അനന്തു കൃഷ്ണന്റെ 19 ബാങ്ക് അക്കൗണ്ടുകളായി 450 കോടി രൂപ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിച്ചെങ്കിലും മൂന്ന് കോടി രൂപ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്.