വീണ്ടും ഹിന്ദുത്വ ക്രൂരത; യു.പിയിൽ രോ​ഗിയായ മാതാവിന് വെള്ളമെടുക്കാനിറങ്ങിയ മുസ്‌ലിം യുവാവിന് പേര് ചോദിച്ച ശേഷം ക്രൂരമർദനം

brutality

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ഹിന്ദുത്വവാദികളുടെ ക്രൂരത. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോ​ഗിയായ മാതാവിന് വെള്ളമെടുക്കാൻ പുറത്തിറങ്ങിയ യുവാവിന് ഹിന്ദുത്വവാദികളുടെ ക്രൂരമർദനം. യു.പിയിലെ അലി​ഗഢിലാണ് സംഭവം. സുബൈർ എന്ന യുവാവിനാണ് മർദനമേറ്റത്.brutality

മർദന ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. രവി, കിഷൻ എന്നിവരടക്കം നാല് പേർ ചേർന്നാണ് യുവാവിനെ ആശുപത്രിയുടെ ടെറസിലെത്തിച്ച് മർ‌ദിച്ചത്.

അമ്മ നമ്രീന്റെ കുടൽ ശസ്ത്രക്രിയയ്ക്കായി അലിഗഢിലെ മൽഖാൻ സി‌ങ് ഹോസ്പിറ്റലിൽ എത്തിയതായിരുന്നു സുബൈർ. അഡ്മിറ്റായ നമ്രീൻ കുടിക്കാനായി കുറച്ച് വെള്ളം കൊണ്ടുവരാൻ മകനോട് ആവശ്യപ്പെട്ടു. സുബൈർ വെള്ളമെടുത്ത് തിരികെ വരുമ്പോൾ രവിയും കിഷനും മറ്റ് രണ്ട് പേരും ചേർന്ന് തടഞ്ഞു.

തുടർന്ന് പേര് ചോദിച്ചറിഞ്ഞ ശേഷം, ആശുപത്രിയുടെ ടെറസിലേക്ക് കൊണ്ടുപോയി മർദിക്കുകയായിരുന്നു. തന്നെ വിട്ടയക്കണമെന്ന് സുബൈർ അക്രമികളോട് കേണപേക്ഷിക്കുന്ന സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഭയംമൂലം സംഭവത്തെക്കുറിച്ച് സുബൈർ ആരോടും പറഞ്ഞില്ല. എന്നാൽ അക്രമികൾ തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

വീഡിയോ വൈറലായതോടെ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 115, 353 (2) എന്നിവ പ്രകാരം നാല് പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

യു.പിയിൽ തന്നെ കഴിഞ്ഞദിവസം ഒരു മുസ്‌ലിം യുവാവിനെ ഹിന്ദുത്വവാദികൾ മർദിച്ചുകൊന്നിരുന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദിൽ ജോലികൾക്കായി എത്തിയ ഫിറോസ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു പിങ്കി, പങ്കജ് രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഖുറേഷിയെ തടഞ്ഞുവച്ച് മർദിച്ചത്.

​ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തിൽ കൊലയാളികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ആസൂത്രിതമായ കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു.

ജൂൺ 19ന് യു.പിയിൽ മറ്റൊരു മുസ്‌ലിം യുവാവിനെയും മോഷണം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. അലിഗഡിലെ മാമാ ഭഞ്ജ പ്രദേശത്തായിരുന്നു സംഭവം. ഔറംഗസേബ് എന്ന മുഹമ്മദ് ഫരീദിനെയാണ് മുകേഷ് മിത്തൽ എന്നയാളുടെ വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ആക്രമിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഫരീദ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *