ഹജ്ജിനിടെ മരിച്ച ഉപ്പയുടെ ഖബറടക്കം കഴിഞ്ഞ് മടങ്ങവേ മകന് ദാരുണാന്ത്യം
മക്ക: ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിനിടെ കാണാതാവുകയും ശേഷം മരിച്ചെന്ന് കണ്ടെത്തുകയും ചെയ്ത മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ ഉടൻ മകനും വാഹനാപകടത്തിൽ മരിച്ചു. ഉപ്പയുടെ ഖബറടക്കത്തിനായി കുവൈത്തിൽ നിന്നും മക്കയിലെത്തിയ മകൻ റിയാസ് ആണ് മരിച്ചത്.
ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെ ത്വാഇഫിൽ നിന്നും 100 കിലോമീറ്റർ അകലെ റിദ് വാനിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം അപകടത്തിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭാര്യക്കും മൂന്ന് കുട്ടികൾക്കും അപകടത്തിൽ നിസാര പരിക്കേറ്റു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു മണ്ണിൽകടവത്ത് മുഹമ്മദ്. കർമങ്ങൾക്കിടെ ജൂണ് 15ന് ശനിയാഴ്ച ബലിപെരുന്നാൾ ദിവസം മുതലാണ് മിനയിൽ വെച്ച് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് ആഴ്ചകളോളം മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇദ്ദേഹം മരിച്ചതായി ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു.
വിവരമറിഞ്ഞു കുവൈത്തിൽ നിന്നും ഇദ്ദേഹത്തിന്റെ മക്കളായ റിയാസ്, സഹോദരൻ സൽമാൻ എന്നിവരും റിയാസിന്റെ കുടുംബവും മക്കയിലെത്തിയതായിരുന്നു. ബുധനാഴ്ച ഉപ്പയുടെ മൃതദേഹം മക്കയിൽ ഖബറടക്കിയതിന് ശേഷം റിയാസും കുടുംബവും കാറിൽ കുവൈത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച വിമാനമാർഗം കുവൈത്തിലേക്ക് മടങ്ങാനിരുന്ന സൽമാൻ മക്കയിൽ നിന്നും അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.