ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊന്നു; ഡൽഹി സ്വദേശി പിടിയിൽ

killed

ന്യൂഡൽഹി: ഭാര്യയെ കുംഭമേളക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. ഡൽഹി ത്രിലോക്പുരി സ്വദേശിയായ അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്.killed

ഫെബ്രുവരി 19നാണ് ആസാദ് നഗർ കോളനിയിലെ ഹോം സ്‌റ്റേയിലെ ബാത്ത്‌റൂമിൽ രക്തത്തിൽ കുളിച്ച നിലയിൽ 40കാരിയുടെ മൃതദേഹം കിടക്കുന്നതായി ഡൽഹി പൊലീസിന് വിവരം ലഭിച്ചത്. കുംഭമേളക്ക് എത്തുന്ന തീർഥാടകർക്കുള്ള ഗസ്റ്റ്ഹൗസ് ആയി ഉപയോഗിച്ചിരുന്ന ഹോം സ്‌റ്റേ ആയിരുന്നു അത്. ഒരു പുരുഷനൊപ്പമാണ് ഇവർ റൂം എടുത്തതെന്ന് ഹോട്ടൽ മാനേജർ പൊലീസിനോട് പറഞ്ഞു. ദമ്പതികളാണെന്ന് മനസ്സിലാക്കിയതിനാൽ തിരിച്ചറിയൽ രേഖയൊന്നും വാങ്ങാതെയായിരുന്നു റൂം അനുവദിച്ചത്. തൊട്ടടുത്ത ദിവസമാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഫെബ്രുവരി 18ന് രാത്രിയാണ് യുവതി ഭർത്താവിനൊപ്പം പ്രയാഗ്‌രാജിലെത്തി മുറിയെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യുവതിയുടെ ഫോട്ടോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഫെബ്രുവരി 21ന് യുവതിയെ തിരിച്ചറിഞ്ഞ് ബന്ധുക്കൾ എത്തി. ഡൽഹി ത്രിലോക്പുരിയിൽ താമസിക്കുന്ന അശോക് കുമാറിന്റെ ഭാര്യ മീനാക്ഷിയാണ് കൊല്ലപ്പെട്ടത്. പ്രസിദ്ധീകരിച്ച ഫോട്ടോകൾ കണ്ട് അവരുടെ സഹോദരൻ പ്രവേഷ് കുമാറും മക്കളായ അശ്വനിയും ആദർശും പ്രയാഗ്രാജിൽ എത്തി. ഝുൻസി പോലീസ് സ്റ്റേഷനിൽ എത്തിയ ബന്ധുക്കൾ കൊല്ലപ്പെട്ടത് മീനാക്ഷിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കിഴക്കൻ ഡൽഹിയിലെ ശുചീകരണ തൊഴിലാളിയായ അശോക് കുമാറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം തുടരാനാണ് ഭാര്യയെ കൊലപ്പൈടുത്തിയത്. മൂന്ന് മാസം മുമ്പ് തന്നെ ഭാര്യയെ കൊല്ലാൻ തീരുമാനിച്ചിരുന്നതായി അശോക് കുമാർ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 17നാണ് കുംഭമേളക്ക് പോകാമെന്ന് പറഞ്ഞ് അശോക് കുമാർ ഭാര്യയെയും കൂട്ടി ഇറങ്ങിയത്. ഹോംസ്‌റ്റേയിൽ മുറിയെടുത്ത് രാത്രി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി അയാൾ രക്ഷപ്പെട്ടു. കൊല്ലാനുപയോഗിച്ച ആയുധവും മാറ്റി. തുടർന്ന് മകനെ വിളിച്ച് കുംഭമേളക്കിടെ തിരക്കിൽപ്പെട്ട് അമ്മയെ കാണാനില്ലെന്ന് പറഞ്ഞു. ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും ഇയാൾ അറിയിച്ചു. അച്ഛൻ പറഞ്ഞതിൽ സംശയം തോന്നിയാണ് കുടുംബം ഫെബ്രുവരി 20ന് പ്രയാഗ്‌രാജിലെത്തിയത്. തുടർന്നാണ് ഹോം സ്‌റ്റേയിലെ കൊലപാതകത്തെ കുറിച്ചറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തി മീനാക്ഷിയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *