മതേതര ചരിത്രത്തിന്റെ ധീരശബ്ദം നിലക്കുന്നു
ചരിത്രശാസ്ത്രത്തിലെ ആഴമുള്ള ഗവേഷണവും പൊതുസമൂഹത്തിൽ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾക്കായി നടത്തിയ ധൈര്യമായ ഇടപെടലുകളും കൊണ്ടാണ് അദ്ദേഹം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്
മതനിരപേക്ഷതയുടെയും ശാസ്ത്രീയ ചിന്തയുടെയും ശക്തമായ വക്താവായ പ്രഫ. കെ.എൻ. പണിക്കരുമായി എനിക്ക് വ്യക്തിപരമായ പരിചയമില്ലെങ്കിലും, ഒരു ചരിത്ര വിദ്യാർത്ഥിയെന്ന നിലയിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ച പണ്ഡിതന്മാരിൽ ഒരാളാണ് അദ്ദേഹം. 2007-ൽ ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ഞാൻ ആദ്യമായി വായിക്കുന്നത്. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എം.എ പ്രവേശനത്തിനായുള്ള അഭിമുഖത്തിൽ പ്രിയപ്പെട്ട ചരിത്രകാരന്റെ പേര് ചോദിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ പറഞ്ഞത് പണിക്കർ മാഷിന്റെ പേരായിരുന്നു.
അവിടുത്തെ പഠനകാലത്താണ് അദ്ദേഹത്തിന്റെ കൃതികളെ ഞാൻ അടുത്തറിയുന്നത്. അതിനൊരു കാരണവുമുണ്ടായിരുന്നു. സോഷ്യൽ സയൻസസിലെ എന്റെ അധ്യാപകനായിരുന്ന ഡോ. എസ്. രാജു മാഷ് പിഎച്ച്.ഡി ഗവേഷണം പൂർത്തിയാക്കിയത് പണിക്കർ മാഷിന്റെ കീഴിലായിരുന്നു. ഒരിക്കൽ രാജു മാഷ് താമസം മാറിയപ്പോൾ ഞങ്ങൾ കുറച്ചു കുട്ടികൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അവിടെ പ്രഫ. കെ.എൻ. പണിക്കരുടെ നിരവധി പുസ്തകങ്ങൾ ഒരുമിച്ചിരിക്കുന്നത് കണ്ട് കൗതുകം തോന്നി ഞാൻ അതെടുത്തു നോക്കി. തന്റെ സൂപ്പർവൈസറുടെ പുസ്തകങ്ങൾ മാഷ് വാങ്ങി സൂക്ഷിച്ചതാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ആ പുസ്തകങ്ങളിലെല്ലാം ‘Author’s Copy’ എന്ന സീൽ ഉണ്ടായിരുന്നു. “പണിക്കർ മാഷ് എന്നെ കളിയാക്കാനും എന്നെക്കൊണ്ട് എഴുതിപ്പിക്കാനും സ്നേഹത്തോടെ തന്ന പുസ്തകങ്ങളാണിത്” എന്ന് രാജു മാഷ് അന്ന് പറഞ്ഞു. ആ സീലുള്ള രണ്ടു മൂന്ന് മലയാളം പുസ്തകങ്ങൾ എനിക്കും അന്ന് സമ്മാനമായി ലഭിച്ചു.
വിദ്യാർഥികളുമായി നിരന്തരം അക്കാദമിക സംവാദങ്ങൾ നടത്തുന്ന പണിക്കർ മാഷിന്റെ വാക്കുകൾ പോലും പലപ്പോഴും റെഫറൻസ്/ഫുട്നോട്ടുകളായി മാറാറുണ്ട്. “പ്രഫ. കെ.എൻ. പണിക്കർ പറഞ്ഞുതന്നത്” എന്നാകും പലരും അടിക്കുറിപ്പ് നൽകുക. വിദ്യാർഥികളുമായി എങ്ങനെ സൗഹൃദം നിലനിർത്തണമെന്ന വലിയ പാഠം കൂടി അദ്ദേഹം പഠിപ്പിച്ചു. ഒരു അഭിമുഖത്തിൽ അദ്ദേഹം ഒരു സംഭവം സൂചിപ്പിക്കുന്നുണ്ട്: സംഘപരിവാർ രാഷ്ട്രീയത്തിന്റെ നുണ / വർഗീയ പ്രചരണത്തെയും കള്ളത്തരങ്ങളെയും നിരന്തരമായി പൊതുജന മധ്യത്തിൽ വലിച്ചു കീറി കാണിക്കുന്ന പണിക്കർ മാഷിനെ ആർ.എസ്.എസ് തീവ്രവാദികൾ ആക്രമിക്കാൻ പ്ലാൻ ചെയ്ത് വിവരം അവരുടെ അനുഭാവിയായ ഒരു വിദ്യാർഥി തന്നെ അദ്ദേഹത്തെ അറിയിക്കുകയും അക്രമത്തിൽ നിന്ന് രക്ഷപെടുകയും ചെയ്ത സംഭവം.
കേരളത്തിൽ ജനിച്ച്, രാജസ്ഥാനിൽ നിന്ന് ഗവേഷണം പൂർത്തിയാക്കി ഇന്ത്യയിലെ പ്രമുഖ അക്കാദമിക് പണ്ഡിതന്മാരിൽ ഒരാളായി അദ്ദേഹം മാറി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അധ്യാപനത്തിലൂടെ വിമർശനാത്മകവും അന്തർവിജ്ഞാനീയവുമായ (Interdisciplinary) സമീപനം പുതിയൊരു തലമുറക്ക് അദ്ദേഹം പകർന്നു നൽകി. കൊളോണിയലിസം, സംസ്കാരം, ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. അന്റോണിയോ ഗ്രാംഷിയുടെ കടുത്ത ആരാധകനായ അദ്ദേഹം പ്രിസൺ നോട്ട് ബുക്കിന്റെ ഒർജിനൽ വേർഷൻ നേരിൽ കണ്ടത് പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. മാർക്സിയൻ രീതി ശാസ്ത്രത്തെ കൃത്യമായി പിൻപറ്റിയ അദ്ദേഹം അക്കാദമിക മേഖലക്കപ്പുറം ചരിത്രരചനയെയും മതേതരത്വത്തെയും കുറിച്ചുള്ള സംവാദങ്ങളിൽ സജീവമായി ഇടപെട്ടു,
സംഘപരിവാർ രാഷ്ട്രീയത്തിന്റെ വർഗീയ പ്രചാരണങ്ങളെയും ചരിത്രത്തിന്റെ കാവിവൽക്കരണത്തെയും ബൗദ്ധികമായി പ്രതിരോധിച്ചു. ചരിത്രത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതേതര അടിത്തറക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം നിരന്തരം മുന്നറിയിപ്പ് നൽകി. ‘ടിപ്പു സുൽത്താന്റെ വാൾ’ പോലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഇതിന് ഉദാഹരണമാണ്. മലയാള സാഹിത്യത്തിനെ ചരിത്രവുമായി ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ നടത്തിയ അദ്ദേഹം കഥകൾ എഴുതുന്ന ചരിത്രകാരൻ കൂടിയായിരുന്നു.
ചരിത്രശാസ്ത്രത്തിലെ ആഴമുള്ള ഗവേഷണവും പൊതുസമൂഹത്തിൽ ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾക്കായി നടത്തിയ ധൈര്യമായ ഇടപെടലുകളും കൊണ്ടാണ് അദ്ദേഹം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിന്റെ സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. പൊതുസമൂഹത്തിൽ മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്തു. ഒരുപക്ഷെ ഹിന്ദുത്വ വർഗീയതക്കെതിരെ ഏറ്റവുംകൂടുതൽ ലേഖനങ്ങൾ എഴുതിയ ചരിത്രകാരൻ പ്രഫ. കെ.എൻ പണിക്കരായിരിക്കും. ചരിത്രകാരന്റെ സാമൂഹിക ഉത്തരവാദിത്തം ചരിത്രത്തെ വെറും പഠനവിഷയമാക്കി മാത്രം കാണലല്ല സമൂഹത്തിലെ വിവേചനങ്ങളെയും ആശയപരമായ തെറ്റിദ്ധാരണകളെയും വിമർശനാത്മകമായി ചോദ്യം ചെയ്യുകയാണെന്ന് അദ്ദേഹം നമുക്ക് ജീവിച്ചു കാണിച്ചു തന്നു.
(ചരിത്രകാരനും കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ ചരിത്ര അധ്യാപകനുമാണ് ലേഖകൻ)
