ഗുജറാത്തിൽ നരബലി: നാല് വയസുകാരിയെ കഴുത്തറുത്ത് കൊന്നശേഷം രക്തം ക്ഷേത്രത്തിൽ തളിച്ചു

blood

അഹമ്മദാബാദ്: ഗുജറാത്തിൽ ഛോട്ട ഉദയ്പൂർ ജില്ലയിലെ ബോഡേലി താലൂക്കിൽ നരബലി. നാല് വയസുള്ള പെൺകുട്ടിയെ അയൽവാസി കഴുത്തറുത്ത് കൊന്ന ശേഷം രക്തം ക്ഷേത്രത്തിൽ തളിച്ചു. അയൽവാസിയായ ലാലാ ഭായ് തദ്‌വിയാണ് കുട്ടിയെ തട്ടികൊണ്ട് പോയി കോടാലി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തദ്‌വിയുടെ കുടുംബക്ഷേത്രത്തിന്റെ പടികളിൽ പെൺകുട്ടിയുടെ രക്തം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. blood

മുറ്റത്ത് ഒന്നര വയസുള്ള സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കാണാതെയായത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് അമ്മ ഇയാൾ കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് പോകുന്നത് കണ്ടത്. ഗ്രാമവാസികളും കുട്ടിയുടെ അമ്മയും പ്രതിയെ തടയാൻ ശ്രമിച്ചുവെങ്കിലും ഇയാൾ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പെൺകുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) ഗൗരവ് അഗർവാൾ എഎൻഐയോട് പറഞ്ഞു. കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് ഇയാൾ കൊടും ക്രൂരത ചെയ്തത്.

പ്രതിയായ ലാലാ ഭായ് തദ്‌വിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് എഎസ്പി വ്യക്തമാക്കി. ഇയാൾ ഒറ്റക്കാണോ കുറ്റകൃത്യം നടത്തിയത്, അതോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. ഇരയുടെ കുടുംബവും തദ്‌വിയുടെ കുടുംബവും തമ്മിൽ മുൻകാലത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. നാല്പതുകാരനായ തദ്‌വിക്ക് മനസികാസ്വാസ്ഥ്യമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *