‘അദ്ദേഹം കല്യാണം കഴിച്ച് കുട്ടികളായി കാണണമെന്നാണ് എന്‍റെ ആഗ്രഹം’; രാഹുല്‍ ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: തന്‍റെ സഹോദരന്‍ വിവാഹം കഴിച്ച് കുട്ടികളൊക്കെയായി കുടുംബമായി ജീവിക്കുന്നത് കാണാനാണ് താനിഷ്ടപ്പെടുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കും അമേഠിയിൽ കിഷോരി ലാൽ ശർമ്മയ്ക്കും വേണ്ടി പ്രചരണം നടത്തുന്നതിനിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.Priyanka Gandhi
“ഒരു സഹോദരിയെന്ന നിലയിൽ, എൻ്റെ സഹോദരൻ സന്തോഷത്തോടെയിരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു” രാഹുലിനെ ഇന്‍ഡ്യ സഖ്യം പ്രധാനമന്ത്രിയായി തെരഞ്ഞെടുത്താല്‍ സന്തോഷിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിയങ്ക. രാഹുല്‍ പ്രധാനമന്ത്രിയാകുന്ന കാര്യം ഇന്‍ഡ്യ സഖ്യം അധികാരത്തിലെത്തിയതിനു ശേഷം തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി മുഖം ആരാണെന്ന് ഇതുവരെ ഇന്‍ഡ്യ സഖ്യം വെളിപ്പെടുത്തിയിട്ടില്ല. ഗാന്ധി കുടുംബത്തിന്‍റെ കോട്ടയായി റായ്ബറേലിയില്‍ നിന്നോ അമേഠിയില്‍ നിന്നോ പ്രിയങ്ക തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ”ഞങ്ങള്‍ രണ്ടുപേരും(രാഹുലും പ്രിയങ്കയും) രാജ്യത്തുടനീളം പ്രചാരണം നടത്തുകയായിരുന്നു. 15 ദിവസമായി ഞാൻ ഇവിടെയുണ്ടെന്ന് നിങ്ങൾക്കറിയാം. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിങ്ങൾക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയുന്ന മണ്ഡലങ്ങളല്ലാത്തതിനാൽ ആരെങ്കിലും ഇവിടെ (അമേഠി, റായ്ബറേലി) ഉണ്ടായിരിക്കണം.ഞങ്ങൾ ഇവിടെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ ആളുകളുമായി ഞങ്ങൾക്ക് കുടുംബ ബന്ധമുണ്ട്. ഞങ്ങൾ ചുറ്റും ഉണ്ടായിരിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.” പ്രിയങ്ക പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തില്‍ തിങ്കളാഴ്ചയാണ് അമേഠിയിലും റായ്ബറേലിയിലും വോട്ടെടുപ്പ്.