‘തമിഴ്‌നാട് ഗവർണർ കേസിലെ വിധി ബാധകമെങ്കിൽ സമയപരിധി ആവശ്യം പിൻവലിക്കാം’; കേരളം സുപ്രിംകോടതിയിൽ

Supreme Court

ന്യൂഡൽഹി: ബില്ലുകളിൽ ഒപ്പിടാൻ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹരജി പിൻവലിക്കാൻ തയാറാണെന്ന് കേരളം സുപ്രിം കോടതിയെ അറിയിച്ചു. തമിഴ്നാട് സർക്കാർ, ഗവർണർക്കെതിരെ സമർപ്പിച്ച ഹരജിയിലെ വിധി കേരളത്തിന് ബാധകമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു കേരളത്തിന്റെ നീക്കം. കേന്ദ്രം എതിർത്തതോടെ ഹരജി മെയ് ആറിലേക്ക് മാറ്റി.Supreme Court

ബില്ലുകളിൽ ഒപ്പിടുന്നതിന് ഗവർണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹരജികൾ പരിഗണിച്ചപ്പോൾ തന്ത്രപരമായ നിലപാടാണ്,സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ സ്വീകരിച്ചത്. തമിഴ്നാട് സർക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി തങ്ങൾക്ക് കൂടി ബാധകമാണെന്ന നിലപാടാണ് കേരളത്തിന്.

ഗവർണർക്ക് തിരിച്ചടി ലഭിച്ച ഈ കേസിൽ കേരളം നേട്ടമുണ്ടാക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞ കേന്ദ്രം വാദമുഖം മാറ്റി. രണ്ട് ഹരജികളിലെയും വസ്തുതകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും വിധിന്യായം പരിശോധിച്ചുവരുന്നതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. തമിഴ്‌നാട് കേസിലെ വിധി അനുസരിച്ച് ചില കാര്യങ്ങള്‍ കേരളത്തിനും അനുകൂലമാണെന്നും എന്നാൽ ചിലകാര്യങ്ങളിൽ മാറ്റമുണ്ടെന്നും അറ്റോര്‍ണി ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചു.

ഇതേതുടര്‍ന്ന് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധി കേരളത്തിനും ബാധകമാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.കേരളത്തിന്റെ ഹരജി മെയ് ആറിന് വിശദമായ വാദംകേൾക്കാൻ മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *