”പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെകൊണ്ടുപോകൂ”: അമ്മയുടെ കാത്തിരിപ്പ് വിഫലം, റജബ് കൊല്ലപ്പെട്ടു
ഗസ്സസിറ്റി: ”പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ” എന്ന് കൂറ്റൻ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ നിന്നും സഹായം ചോദിച്ച ആറുവയസുകാരി ഹിന്ദ് റജബ്, ഇനി ഓർമ്മ. ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി എമർജൻസി(പി.ആര്‍.സി.എസ്) നമ്പറിലേക്കാണ് കനത്ത വെടിവെപ്പിനിടയിലും സഹായമഭ്യര്‍ഥിച്ചുള്ള ഹിന്ദിന്റെ ഫോണ്‍കോള്‍ വന്നത്.
ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ നിന്ന് കുടുംബക്കാര്‍ക്കൊപ്പം കാറിൽ പലായനം ചെയ്തതായിരുന്നു കുഞ്ഞു റജബ്. എന്നാൽ കരുതിക്കൂട്ടി തന്നെ ഇസ്രായേൽ പട്ടാളം ഈ കാറിനെ ലക്ഷ്യമിട്ടു. ഫോണ്‍കോള്‍ വന്നതിനാല്‍ കുട്ടി രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുടുംബക്കാരുടെ മൃതദേഹങ്ങൾക്കൊപ്പം റജബിനെ കൂടി കണ്ടെത്തിയതോടെയാണ് കാറിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്ന് വ്യക്തമായത്.
റജബിന്റെ ഈ ഫോൺ വന്നതിന് ശേഷം റെഡ് ക്രസന്റ് അംഗങ്ങൾ സ്ഥലം തെരയുകയായിരുന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ ലഭിക്കുന്നത്. റജബിന്റെ അമ്മാവനും അമ്മായിയും അവരുടെ മൂന്ന് മക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവരോടൊപ്പം സന്നദ്ധ സംഘടനാ പ്രവർത്തകരായ രണ്ട് പേരും കാറിലുണ്ടായിരുന്നു. ഇവരും മരണത്തിന് കീഴടങ്ങി. വീടൊഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ തിട്ടൂരത്തിനൊടുവിലാണ് ഈ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പുറപ്പെട്ടത്. എന്നാൽ ചെന്നുപെട്ടത് ഇസ്രായേലി ടാങ്കിന് മുന്നിലും. ഒരു ദയയും കൂടാതെ ടാങ്കിൽ നിന്നും കാറിനെ ലക്ഷ്യമാക്കി വെടിയുണ്ടകൾ പാഞ്ഞു.
റജബും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ
പലരും തൽക്ഷണം മരിച്ചുവീണു. വീണവരുടെ മറപറ്റിയാണ് റജബ് ഫോൺ എടുത്തും സന്നദ്ധപ്രവർത്തകരെ ബന്ധപ്പെടുന്നതും. ഇടറിയ ശബ്ദത്തിനിടയിലും രൂക്ഷമായ വെടിയൊച്ച കേൾക്കുന്നുണ്ടായിരുന്നുവെന്നാണ് ഫോൺ എടുത്ത സന്നദ്ധ പ്രവർത്തകൻ പറയുന്നത്. ഈ ഫോൺകോളിന് ശേഷം ഇവരിലേക്ക് എത്താൻ പി.ആർ.സി.എസ് അംഗങ്ങളും പാരമാമെഡിക്കൽ ടീമും ശ്രമിച്ചിരുന്നു. എന്നാൽ രൂക്ഷമായ പോരാട്ട മേഖലയായതിനാൽ ഇവിടേക്ക് എത്താനായിരുന്നില്ല.
അതേസമയം പ്രദേശത്ത് ഇസ്രായേൽ സേന കനത്ത രീതിയിൽ ഷെല്ലാക്രമണം നടത്തിയിരുന്നതായി റജബിന്റെ മാതാവ് വിസ്സാം ഹമാദ പറഞ്ഞിരുന്നു. ഇതെ കാറിലുണ്ടായിരുന്ന സഹോദന്റെ മകനുമായി സംസാരിച്ചിരുന്നുവെന്നും ഹമാദ അന്ന് പറഞ്ഞിരുന്നു.
‘ഞങ്ങൾ വല്ലാതെ പേടിച്ചുപോയിരുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് തോന്നി. വ്യോമാക്രമണങ്ങളിൽനിന്ന് രക്ഷ നേടാൻ വിവിധ സ്ഥലങ്ങളിലേക്ക് മാറിമാറിയാണ് യാത്ര തുടർന്നത്’. നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള അൽ അഹ്‍ലി ആശുപത്രിയിൽ അഭയം തേടാമെന്നാണ് കുടുംബം കരുതിയത്. അവിടം സുരക്ഷിതമായിരിക്കുമെന്ന തോന്നലിലായിരുന്നു അത്- ഇങ്ങനെയായിരുന്നു ഹമാദയുടെ വാക്കുകള്‍.
ആറുവയസുകാരിയായതിനാൽ റജബിനെ അമ്മാവന്റെ കാറിൽ ഇടംകിട്ടുകയായിരുന്നു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പെ കാറിനെ ഇസ്രായേൽ സേന ലക്ഷ്യമിടുകയായിരുന്നു. ഫോണ്‍ സന്ദേശം ലഭിച്ചതിനാല്‍ കുഞ്ഞു ജീവനോടെയുണ്ടാകുമെന്നായിരുന്നു ഉമ്മ ഹമാദ കരുതിയിരുന്നത്. ദിനം കഴിയുംതോറു അരുടെ ചങ്കിടിപ്പ് ഉയരുന്നുണ്ടായിരുന്നു. എന്നാല്‍ 12 ദിവസങ്ങള്‍ക്കിപ്പുറം പേടിച്ചത് തന്നെ സംഭവിച്ചു, റജബ് അടക്കം കാറിലുണ്ടായിരുന്നുവരെല്ലാം രക്തസാക്ഷികളായിരിക്കുന്നു…