അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്തെ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു
അയോധ്യ: ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു. ഉച്ചക്ക് 12ന് ശേഷമുള്ള അഭിജിത് മുഹൂർത്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രതിഷ്ഠ നടത്തിയത്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുതിർന്ന ബി.ജെ.പി നേതാവും രാമക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത വ്യക്തിയുമായ എൽ.കെ അദ്വാനി പ്രതിഷ്ഠാ ചടങ്ങിനെത്തിയില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് അദ്ദേഹം ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത്.
അമിതാഭ് ബച്ചൻ, വിവേക് ഒബ്‌റോയ്, മുകേഷ് അംബാനി, അനിൽ അംബാനി, രൺബീർ കപൂർ, ആലിയ ഭട്ട്, രാംചരൺ, സോനു നിഗം, കങ്കണ, ജാക്കി ഷെറോഫ്, രജനീകാന്ത്, അനുപം ഖേർ, സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ, രവീന്ദ്ര ജഡേജ, മിതാലി രാജ്, സൈന നെഹ്‌വാൾ തുടങ്ങിയവർ അയോധ്യയിലെത്തിയിരുന്നു.