രാജസ്ഥാനിൽ പരീക്ഷാപേപ്പർ ചോർച്ചാ കേസ് പ്രതിയുടെ വീട് തകർത്തു
ജയ്പ്പൂർ: രാജസ്ഥാനിൽ സബ് ഇൻസ്‌പെക്ടർ റിക്രൂട്ട്‌മെൻ്റ് പരീക്ഷാ പേപ്പർ ചോർച്ചക്കേസിലെ പ്രതിയുടെ വീട് അധികൃതർ തകർത്തു. ചുരു ജില്ലയിലെ പൂനിയ കോളനിയിലെ വിവേക് ബംഭു എന്നയാളുടെ വീടാണ് അനധികൃത നിർമാണം ആരോപിച്ച് മുനിസിപ്പൽ കൗൺസിൽ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.house
കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ തിങ്കളാഴ്ച രാത്രിയാണ് ചുരു മുനിസിപ്പൽ കൗൺസിലിന്റെ നടപടിയുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ‘എസ്.ഐ പരീക്ഷാ പേപ്പർ ചോർച്ചാ കേസിൽ അറസ്റ്റിലായ വിവേക് ഭംഭുവാണ് അനധികൃതമായി നിർമാണം നടത്തിയത്. തിങ്കളാഴ്ചയാണ് ഇത് പൊളിച്ചത്’- ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു.
പൂനിയ കോളനിയിലെ 114, 115 നമ്പരുകളിലുള്ള പ്ലോട്ടിലെ അനധികൃത നിർമാണമാണ് അസി. എഞ്ചിനീയർ രവി രാഘവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊളിച്ചുനീക്കിയത്. നഗരസഭാ പരിധിയിൽ അനധികൃതമായാണ് ഇയാൾ വീട് നിർമിച്ചതെന്നും അതുകൊണ്ടാണ് ജെസിബിയുടെ സഹായത്തോടെ ഇത് പൊളിച്ചുനീക്കിയതെന്നും ഡിവൈ.എസ്.പി കൂട്ടിച്ചേർത്തു.
രാജസ്ഥാൻ സ്പെഷ്യൽ ഓപറേേഷൻസ് ഗ്രൂപ്പ് അന്വേഷിക്കുന്ന പേപ്പർ ചോർച്ചാ കേസിൽ ട്രെയ്നി സബ് ഇൻസ്പെക്ടർമാരടക്കം നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്.