യാത്രക്കിടെ യുവതിയോട് അപമര്യാദ; രാജ്യറാണിയിലെ ടി.ടി.ഇ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിധീഷ് (35) ആണ് കോട്ടയം ആർ.പി.എഫിന്‍റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
തിങ്കളാഴ്ച രാത്രി നിലമ്പൂരിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെ ആലുവയിൽ വെച്ചാണ് സംഭവം. യുവതി ഒറ്റക്കാണ് യാത്ര ചെയ്തിരുന്നത്. ട്രെയിൻ കയറ്റിവിടാനെത്തിയ പിതാവ് മകൾ ഒറ്റക്കാണ് ശ്രദ്ധിക്കണമെന്ന് ടി.ടി.ഇയോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ ആരംഭിച്ചതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.
പെൺകുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കൈയിൽ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ ആദ്യം പിൻമാറി. എന്നാൽ വീണ്ടും ശല്യംചെയ്യാൻ തുടങ്ങിയതോടെ യുവതി തിരുവനന്തപുരം പൊലീസ് കൺട്രോൾ റൂമിലേക്കും റെയിൽവേ പൊലീസ് കൺട്രോൾ റൂമിലേക്കും വിളിച്ച് പരാതി അറിയിക്കുകയായിരുന്നു.
സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് തിരുവനന്തപുരം റെയിൽവേ സൂപ്രണ്ട് നിർദേശിച്ചു. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
Pingback: തെരഞ്ഞെടുപ്പിന്റെ തലേദിവസം മുസ്ലിം സ്...election