ഐസിസി അവാർഡിൽ തിളങ്ങി ഇന്ത്യ; ബുംറ മികച്ച ടെസ്റ്റ് താരം, ഏകദിന താരമായി സ്മൃതി മന്ദാന
ന്യൂഡൽഹി: പോയവർഷത്തെ മികച്ച താരങ്ങൾക്കുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി) പുരസ്‌കാരത്തിൽ തിളങ്ങി ഇന്ത്യ. പേസർ ജസ്പ്രീത് ബുംറയെ മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുത്തപ്പോൾ ഏകദിന വനിതാപ്ലെയർഓഫ്ദി ഇയർ നേട്ടം സ്മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇന്ത്യക്കായി മിന്നും പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. 13 മാച്ചിൽ നിന്നായി 71 വിക്കറ്റുകളാണ് പിഴുതത്. ഫൈനൽ റൗണ്ടിലുണ്ടായിരുന്ന ഇംഗ്ലീഷ് താരങ്ങളായ ജോ റൂട്ട്, ഹാരി ബ്രൂക്ക്, ശ്രീലങ്കൻ ബാറ്റർ കമിന്ദു മെൻഡിസ് എന്നിവരെ മറികടന്നാണ് ബുംറ അവാർഡ് സ്വന്തമാക്കിയത്.ICC
ഐസിസിയുടെ മികച്ച വനിതാ താരമായി തെരഞ്ഞെടുത്ത സ്മൃതി മന്ദാന കഴിഞ്ഞ വർഷം കളിച്ച 13 ഏകദിനങ്ങളിൽ നാലു സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും അടക്കം 747 റൺസാണ് അടിച്ചെടുത്തത്. ഇത് രണ്ടാം തവണയാണ് സ്മൃതി മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമാകുന്നത്. ഇതോടെ ന്യൂസിലൻഡിന്റെ സൂസി ബേറ്റ്‌സിനുശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ഇന്ത്യൻ താരം സ്വന്തമാക്കി. 2018ലാണ് ഇതിന് മുമ്പ് മന്ദാന ഐസിസിയുടെ മികച്ച വനിതാ ഏകദിന താരമായത്.
പുരുഷ താരങ്ങളിൽ അഫ്ഗാൻ ഓൾ റൗണ്ടർ അസ്മത്തുള്ള ഒമർസായിയാണ് മികച്ച ഏകദിന താരം. കഴിഞ്ഞ വർഷം കളിച്ച 14 ഏകദിനങ്ങളിൽ 417 റൺസടിച്ച ഒമർസായി 17 വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.