ത്രില്ലർ പോരിൽ ഇന്ത്യ, അണ്ടർ 19 ഏഷ്യ കപ്പ് കിരീടം; പാകിസ്താനെ വീഴ്ത്തിയത് അവസാന പന്തിൽ, ജയം ഒരു വിക്കറ്റിന്

മസ്കത്ത്: അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലർ പോരിൽ പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് അണ്ടർ 19 ഏഷ്യാ കപ്പ് കിരീടം. അവസാന പന്തിലാണ് ഇന്ത്യയുടെ ജയം. ഇന്ത്യക്ക് ജയിക്കാൻ ഒരു പന്തിൽ മൂന്ന് റൺസാണ് വേണ്ടിയിരുന്നത്. മോഹിത് ഉൽവ ബൗണ്ടറി നേടിയാണ് ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്താൻ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. പത്താമനായി ഇറങ്ങി 26 പന്തിൽ മൂന്നു സിക്സും അഞ്ചു ഫോറുമടക്കം 49 റൺസെടുത്ത് പുറത്താകാതെ നിന്ന മോഹിത് ഉൽവയാണ് ഇന്ത്യയുടെ വിജയശിൽപി.

ലക്ഷ്യ രായ്ചന്ദാനി (101 പന്തിൽ 80), ആര്യവീർ സെവാഗ് (61 പന്തിൽ 58) എന്നിവർ അർധ സെഞ്ച്വറി നേടി. 32 പന്തിൽ 47 റൺസുമായി മനാൽ ചൗഹാനും മികച്ച പ്രകടനം നടത്തി. ഒരുഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ഇന്ത്യയെ മോഹിത് ഉൽവയുടെ ബാറ്റിങ്ങാണ് കിരീടത്തിലേക്ക് നയിച്ചത്.

അവസാന രണ്ട് ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 25 റൺസ്, കൈയിൽ ഒരു വിക്കറ്റും. മോഹിത്തിനൊപ്പം ക്രീസിൽ ചിഗുരുപതി വെങ്കട. മുഹമ്മദ് സയ്യാം എറിഞ്ഞ 49ാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറും ഉൾപ്പെടെ 17 റൺസ് നേടി. ഇതോടെ അവസാന ഓവറിൽ വിജയലക്ഷ്യം എട്ടു റൺസായി.സ്പിന്നർ അഹമ്മദ് ഹുസൈൻ എറിഞ്ഞ 50ാം ഓവറിൽ ആദ്യ അഞ്ചു പന്തുകളിൽ അഞ്ച് റൺസെടുത്തു, ഇതോടെ ഒരു പന്തിൽ ജയിക്കാൻ മൂന്നു റൺസ്. പന്ത് ബൗണ്ടറി കടത്തി മോഹിത് ഉൽവ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

മനാൽ ചൗഹാനും മോഹിത് ഉൽവയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. യൂത്ത് ഏകദിനത്തിൽ ഒമ്പതാം വിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. നായകൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സെവാഗും ചേർന്ന് ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നൽ‍കിയത്. ഒന്നാം വിക്കറ്റിൽ 95 റണ്‍സ് കൂട്ടിച്ചേർത്തു. 18ാം ഓവറിൽ ആര്യവീർ സേവാഗിനെ ഉസ്മാൻ ഖാനും 27ാം ഓവറിൽ ലക്ഷ്യയെ അലി റാസയും പുറത്താക്കി. പിന്നാലെ എത്തിയവർക്ക് ക്രീസിൽ നിലയുറപ്പിക്കാനായില്ല. വി.കെ. വിനീത് (21 പന്തിൽ 24), അർജുൻ രാജ്പുത് (18 പന്തിൽ 16), യാഷ്ഭർധൻ ചൗഹാൻ (അഞ്ചു പന്തിൽ ഒമ്പത്), അൻവായ് ദ്രാവിഡ് (12 പന്തിൽ 19) എന്നിവരെല്ലാം പുറത്തായി.

ഒരു ഭാഗത്ത് മനാൽ ചൗഹാൻ നിലയുറപ്പിച്ചപ്പോൾ വാലറ്റത്ത് ആര്യൻ സവ്‍സാനി (14 പന്തിൽ ഒമ്പത്), കാവ്യ പരേഷ് പട്ടേൽ (പൂജ്യം) എന്നിവരും വേഗത്തിൽ പുറത്തായി. എന്നാൽ മോഹിത് ഉൽവ, മനാലിനൊപ്പം പിടിച്ചുനിന്നതോടെ 45.4 ഓവറിൽ ഇന്ത്യ 300 പിന്നിട്ടു. 47 ാം ഓവറിൽ മനാൽ ചൗഹാൻ മടങ്ങിയെങ്കിലും മോഹിത് പിടിച്ചുനിന്നതോടെ ഇന്ത്യക്ക് ജയം.

നേരത്തെ, സെഞ്ച്വറി നേടിയ ഓപ്പണർ ഉസ്മാൻ ഖാൻ (111 പന്തിൽ 107), അർധ സെഞ്ച്വറി നേടിയ അബ്‌ദുൽ ഖാദിർ (54 പന്തിൽ 80), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (60 പന്തിൽ 63) എന്നിവരുടെ ബാറ്റിങ്ങാണ് പാക് സ്കോർ 300 കടത്തിയത്. ഇന്ത്യക്കുവേണ്ടി കാവ്യ പട്ടേൽ നാലും ചിഗുരുപാട്ടി വെങ്കട മൂന്നും വിക്കറ്റ് വീഴ്ത്തി. അവസാന ഓവറുകളിൽ ബൗളർമാർ പിടിമുറുക്കിയതാണ് പാക് സ്കോർ 337ൽ ഒതുക്കിയത്. അവസാന ആറ് ഓവറുകളിൽ ആറു വിക്കറ്റാണ് വീണത്.