ബ്രസീലിനെ പഞ്ഞിക്കിട്ട് ജപ്പാൻ; സൗഹൃദ മത്സരത്തിൽ കാനറികൾക്ക് തോൽവി; റഫീഞ്ഞക്കും ആഞ്ചലോട്ടിക്കും ചുവപ്പ് കാർഡ്

കല്ലാങ് (സിംഗപ്പൂർ): ആവേശകരമായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ബ്രസീലിനെ 3-2ന് പരാജയപ്പെടുത്തി ജപ്പാൻ. കാനറികൾക്കായി വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ സ്വന്തമാക്കിയെങ്കിലും ജയം കണ്ടെത്താനായില്ല. ബ്രസീലിയൻ സൂപ്പർ താരം റഫീഞ്ഞയും പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ചുവപ്പ് കാർഡ് കണ്ട പോരാട്ടം സംഭവ ബഹുലമായിരുന്നു.
15ാം മിനിറ്റിൽ നേടി തകെഫുസ കുബോ ജപ്പാന് ആദ്യ ലീഡ് നൽകിയിരുന്നു. 19ാം മിനിറ്റിൽ ഷുട്ടോ നകാനോ നൽകിയ പാസ് സ്വീകരിച്ച് ബ്രസീൽ ഗോൾകീപ്പർ പെഡ്രോ മോറിസ്കോയെ മറികടന്ന് നകമുറ ജപ്പാന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ, 33ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഒരു ഷോട്ടിലൂടെ വിനീഷ്യസ് ജൂനിയർ ബ്രസീലിനായി ആദ്യ ഗോൾ മടക്കി. ഈ സ്കോറിൽ രണ്ടാം പകുതിയിലും കളി പുരോഗമിക്കവെ മറ്റൊരു ലോങ് റേഞ്ച് ഷോട്ടിലൂടെ വിനീഷ്യസ് സമനില ഗോൾ നേടി. രണ്ട് പോസ്റ്റുകളിലും തട്ടിയ ശേഷമാണ് പന്ത് വലക്കുള്ളിലേക്ക് കയറിയത്.
ഇഞ്ചുറി ടൈമിൽ ബ്രസീലിന്റെ ഹാഫിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ജപ്പാൻ നടത്തിയ നീക്കത്തിനൊടുവിൽ, റീബൗണ്ട് ചെയ്ത പന്ത് ഗോൾകീപ്പർക്ക് മുകളിലൂടെ കോരിയിട്ട് തത്സുഹിരോ സകാമോട്ടോ (90+1) വിജയഗോൾ നേടി. എന്നാൽ, ജപ്പാന്റെ വിജയഗോളിന് തൊട്ടുമുമ്പ് തങ്ങളുടെ താരത്തിനെതിരെ ഫൗൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് ബ്രസീൽ ക്യാമ്പ് ശക്തമായി പ്രതിഷേധിച്ചു.
റഫറിയുടെ തീരുമാനത്തിൽ രൂക്ഷമായി പ്രതികരിച്ച ആഞ്ചലോട്ടിക്കും സബ്സ്റ്റിറ്റ്യൂഷൻ ബെഞ്ചിലായിരുന്ന താരം റഫീഞ്ഞക്കും ചുവപ്പ് കാർഡ് നൽകി. ബ്രസീലിനെതിരെ കളിച്ച 16 മത്സരങ്ങളിൽ ജപ്പാന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. കഴിഞ്ഞ 18 മാസത്തിനിടെ ജപ്പാനോട് ബ്രസീൽ വഴങ്ങുന്ന രണ്ടാമത്തെ 3-2 തോൽവിയാണിത്. കഴിഞ്ഞ വർഷം നടന്ന സൗഹൃദ മത്സരത്തിലും ഇതേ സ്കോറിനായിരുന്നു ബ്രസീലിന്റെ തോൽവി.
ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. അന്ന് ബ്രസീൽ 2-1ന് ജയിച്ചെങ്കിലും അടുത്ത റൗണ്ടിൽ നോർവേയോട് തോറ്റ് പുറത്തായി.
