സഞ്ജു പ്ലേയിങ് ഇലവനിൽ; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് നമീബിയ

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിഷേക് ശർമ ഇറങ്ങുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മുഹമ്മദ് സിറാജിന് പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തി.
പ്ലേയിങ് ഇലവൻ
- ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
- നമീബിയ: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെ.ജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ, മാക്സ് ഹെയ്ംഗോ.
15ന് പാകിസ്താനെ നേരിടാൻ കൊളംബോയിലേക്ക് പറക്കാനിരിക്കുന്ന മെൻ ഇൻ ബ്ലൂവിന് നമീബിയക്കെതിരായ കളി മികച്ചൊരു വാംഅപ്പായിരിക്കും. ആദ്യമത്സരത്തിൽ യു.എസിനെതിരെ ബാറ്റിങ്ങിന്റെ തുടക്കത്തിൽ പതറിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ പ്രകടനത്തോടെ തരക്കേടില്ലാത്ത സ്കോറിലെത്തിയിരുന്നു. മുഹമ്മദ് സിറാജിന്റെ നേതൃത്വത്തിൽ ബൗളർമാരും റോൾ ഭംഗിയാക്കിയതോടെ അധികം വിയർക്കാതെത്തന്നെ വിജയം നേടാനുമായി. ഇന്ന് ഇഷാൻ കിഷനൊപ്പം സഞ്ജു ഓപണറാകും. അഭിഷേക് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
ന്യൂസിലൻഡിനെതിരായ അഞ്ച് കളികളിലും പ്ലേയിങ് ഇലവനിലുണ്ടായിട്ടും ദയനീയ ഫോം തുടർന്ന ബാറ്ററാണ് സഞ്ജു. അങ്ങനെയൊരാൾക്ക് വീണുകിട്ടുന്ന അവസരമായിരിക്കും ഇത്. കഴിഞ്ഞ ദിവസം ദീർഘനേരം നെറ്റ്സിൽ പരിശീലനം നടത്തിയിരുന്നു സഞ്ജു.അസുഖബാധിതനായി വിശ്രമത്തിലായിരുന്ന പേസർ ജസ്പ്രീത് ബുംറ പൂർണാരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നമീബിയ ആദ്യ കളിയിൽ നെതർലൻഡ്സിനോട് തോറ്റിരുന്നു. ഇന്ത്യ എ ടീമിനെതിരായ സന്നാഹമത്സരത്തിൽ വെറും 67 റൺസിന് പുറത്തായും ദയനീയ പരാജയം ഏറ്റുവാങ്ങി.
