അണ്ടർ 19 ലോകകപ്പ്: ഇന്ന് ഇന്ത്യ -പാക് പോരാട്ടം; കണക്കു തീർക്കാൻ ഇന്ത്യൻ കൗമാരം

ബുലവായോ: അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ -പാകിസ്താൻ പോരാട്ടം. സൂപ്പർ സിക്സിലെ അവസാന മത്സരത്തിലാണ് കൗമാരക്കാർ പരസ്പരം പോരിനിറങ്ങുന്നത്. ഗ്രൂപ്പ് രണ്ടിൽ നിന്നും മൂന്നിൽ മൂന്നും ജയിച്ച് ഇന്ത്യ സെമി പ്രവേശം ഏതാണ്ടുറപ്പിച്ചതാണ്. പാകിസ്താന് ജയിച്ചാൽ മാത്രം മതിയാവില്ല, വൻ മാർജിനിൽ ജയിച്ചാൽ മാത്രമേ ​ഇന്ത്യയെ മറികടന്ന് സെമിയിൽ ഇടം നേടാനാവൂ. നാലിൽ നാലും ജയിച്ച ഇംഗ്ലണ്ട് ഇതിനകം ഗ്രൂപ്പിൽ നിന്നും സെമിയിൽ ഇടം നേടി.

ഗ്രൂപ്പ് ഒന്നിൽ നിന്നും ആസ്ട്രേലിയയും അഫ്ഗാനിസ്താനും നേരത്തെ സെമിയിൽ ഇടം നേടി.

ഇന്ത്യൻ സമയം ഉച്ച ഒരു മണി മുതലാണ് മത്സരങ്ങൾ. ടൂർണമെന്റിൽ ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ​സീനിയർ ടീമിന്റെ മാതൃകയിൽ അയൽക്കാരെ വീഴ്ത്തി ജൈത്ര യാത്ര തുടരാനാണ് ഇന്ത്യയുടെ തയ്യാറെടുപ്പെങ്കിൽ, ഇന്ത്യയോട് തോറ്റ് സൂപ്പർ സിക്സിൽ പുറത്താവേണ്ട സാഹചര്യം ഒഴിവാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം.

ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്താനോട് തോറ്റതിനെറ നിരാശ തീർക്കാനായിരിക്കും വൈഭവ് സൂര്യവംശയുടെയും സംഘത്തിന്റെയും ലക്ഷ്യം.