പാകിസ്താനെ വീഴ്ത്തി ഇന്ത്യക്ക് പത്താം സാഫ് കിരീടം; 88ാം മിനിറ്റിൽ 'വിജയഗോൾ'

ധാക്ക: സാഫ് കപ്പ് ഫുട്ബാൾ ഫൈനലിൽ പാകിസ്താനെതിരെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഇന്ത്യക്ക് ചരിത്രനേട്ടം. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച ഇന്ത്യ 2-1ന്റെ വിജയത്തോടെ പത്താം തവണയും സാഫ് കിരീടത്തിൽ മുത്തമിട്ടു. കളി അധികസമയത്തേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ 88ാം മിനിറ്റിൽ സന്ദീപ് മണ്ടി നേടിയ ഹെഡർ ഗോളാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. തുടർച്ചയായ മൂന്നാം സാഫ് കിരീടമെന്ന നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി.
ചൊവ്വാഴ്ച ധാക്കയിലെ ദേശീയ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യ പകുതിയിൽ പാകിസ്താനായിരുന്നു ആധിപത്യം. ഇൻജറി ടൈമിൽ അലംഗീർ ഗാസി നേടിയ ഗോളിലൂടെ മുന്നിലെത്തിയ പാകിസ്താൻ രണ്ടാം പകുതിയിലും ലീഡ് നിലനിർത്താൻ ശ്രമിച്ചു. എന്നാൽ, 59ാം മിനിറ്റിൽ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറി. തൊട്ടുപിന്നാലെ സുഹൈൽ അഹമ്മദ് ഭട്ട് ഇന്ത്യയെ ഒപ്പമെത്തിച്ചു.
ചരിത്രത്തിലാദ്യമായാണ് സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. നൗഷാദ് മൂസയുടെ പരിശീലനത്തിന് കീഴിലിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. നാലാം മിനിറ്റിൽതന്നെ സുഹൈൽ അഹമ്മദ് ഭട്ടിന് ലഭിച്ച അവസരം മുതലാക്കാനായില്ല. പിന്നാലെ പാകിസ്താൻ ആക്രമണം ശക്തമാക്കി.
ഇന്ത്യൻ ഗോൾകീപ്പർ അർഷ് അൻവർ ഷെയ്ഖിന്റെ നിർണായക രക്ഷപ്പെടുത്തലുകളാണ് ആദ്യ പകുതിയിൽ കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽനിന്ന് ടീമിനെ രക്ഷിച്ചത്. എന്നാൽ, 45+1ാം മിനിറ്റിൽ പാകിസ്താൻ ലീഡെടുത്തു. ഇടതുവിങ്ങിൽനിന്നുള്ള ജുനൈദ് ഷായുടെ ക്രോസ് ഇന്ത്യൻ പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി അലംഗീർ ഗാസിയുടെ കാലുകളിലെത്തി. പന്ത് നിയന്ത്രണത്തിലാക്കിയ ഗാസി മനോഹരമായ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു.
ഒരു ഗോളിന് പിന്നിലായ ഇന്ത്യ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായാണ് കളിച്ചത്. ഇടവേളക്ക് ശേഷം മക്കാർട്ടൻ നിക്സനെ കളത്തിലിറക്കിയ പരിശീലകന്റെ നീക്കം ഗുണം ചെയ്തു. നിക്സന്റെ പാസിൽനിന്ന് വിഷ്ണു പി.വിക്ക് ലഭിച്ച മികച്ച അവസരം പാകിസ്താൻ ഗോൾകീപ്പർ യൂസുഫ് ബട്ട് തടഞ്ഞു.
ഇതിനിടെയാണ് മത്സരത്തിലെ നിർണായക സംഭവമുണ്ടായത്. 59ാം മിനിറ്റിൽ ഇന്ത്യൻ താരം ബ്രൈസൺ ഫെർണാണ്ടസിനെ അപകടകരമായി ഫൗൾ ചെയ്ത ജുനൈദ് ഷായെ വിഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാർ) പരിശോധനക്ക് പിന്നാലെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കി. പത്തുപേരുമായി കളിക്കേണ്ടിവന്ന പാകിസ്താനെതിരെ തൊട്ടടുത്ത മിനിറ്റിൽ ഇന്ത്യ സമനില പിടിച്ചു.
വലതുവിങ്ങിൽനിന്ന് ഖൈമിൻതാങ് ലുങ്ദിം നൽകിയ ക്രോസിൽ മക്കാർട്ടൻ നിക്സൻ നടത്തിയ ശ്രമത്തിനൊടുവിൽ ലഭിച്ച പന്ത് സുഹൈൽ അഹമ്മദ് ഭട്ട് വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ സുഹൈലിന്റെ നാലാം ഗോളായിരുന്നു ഇത്.
സമനില നേടിയതോടെ ഇന്ത്യൻ മുന്നേറ്റങ്ങൾക്ക് വേഗം കൂടി. പത്തുപേരുമായി കളിച്ച പാകിസ്താൻ പ്രതിരോധത്തിലേക്ക് വലിഞ്ഞെങ്കിലും വിജയഗോൾ കണ്ടെത്താൻ ഇന്ത്യക്ക് അവസാന നിമിഷംവരെ കാത്തിരിക്കേണ്ടിവന്നു.
88ാം മിനിറ്റിൽ ലഭിച്ച കോർണറാണ് ഇന്ത്യയുടെ കിരീടനേട്ടത്തിന് വഴിയൊരുക്കിയത്. പകരക്കാരനായി ഇറങ്ങിയ അബ്ദുൽ റബീഹ് എടുത്ത കോർണറിൽ ഉയർന്നുചാടി സന്ദീപ് മണ്ടി തലവെച്ചു. നിലത്തുകുത്തി ഉയർന്ന പന്ത് പാകിസ്താൻ ഗോൾകീപ്പറെ മറികടന്ന് വലയിലെത്തിയതോടെ ഇന്ത്യൻ താരങ്ങളും ആരാധകരും ആഘോഷത്തിലായി.
അവസാന നിമിഷങ്ങളിൽ സമനിലക്കായി പാകിസ്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം വഴങ്ങിയില്ല. ഫൈനൽ വിസിൽ മുഴങ്ങിയതോടെ പത്താം സാഫ് കിരീടം ഇന്ത്യയുടെ സ്വന്തമായി.
ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്താനെ 3-2ന് തോൽപിച്ച ഇന്ത്യ, ഫൈനലിലും വിജയം ആവർത്തിച്ച് ദക്ഷിണേഷ്യൻ ഫുട്ബാളിലെ ആധിപത്യം നിലനിർത്തി. ആദ്യമായി സാഫ് ഫൈനലിലെത്തിയ പാകിസ്താന് കന്നിക്കിരീടമെന്ന സ്വപ്നം അവസാന നിമിഷങ്ങളിൽ നഷ്ടമായി.
