‘ഇന്ത്യക്കാരെ സ്വിറ്റ്സര്‍ലന്‍ഡില്‍ എത്തിച്ച് 18 മണിക്കൂര്‍ നീളുന്ന തൊഴില്‍പീഡനം; ദിവസവേതനം 660 രൂപ!’; ഹിന്ദുജ കുടുംബത്തിനെതിരെ കേസ്
ജനീവ: ബഹുരാഷ്ട്ര കുത്തക കമ്പനി ഹിന്ദുജ ഗ്രൂപ്പ് ഉടമകളും ഇന്ത്യന്‍ വംശജരായ വ്യവസായികളുമായ ഹിന്ദുജ കുടുംബത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ബ്രിട്ടനിലെ അതിസമ്പന്ന കുടുംബം കൂടിയായ ഇവരുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ വില്ലയില്‍ മനുഷ്യക്കടത്തും തൊഴില്‍ചൂഷണവും നടന്നെന്നാണു വിവരം. ഇന്ത്യയില്‍നിന്നു തൊഴിലാളികളെ എത്തിച്ച് പാസ്‌പോര്‍ട്ട് പിടിച്ചുവച്ചും മണിക്കൂറുകളോളം ജോലി ചെയ്യിച്ച് തുച്ഛം ശമ്പളം നല്‍കിയുമെന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ നിയമനടപടി നേരിടുന്ന കുടുംബത്തിനെതിരെ ഗുരുതരമായ വാദങ്ങളാണ് സ്വിസ് പ്രോസക്യൂട്ടര്‍ യിവെസ് ബെര്‍ടോസ ജനീവ കോടതിയില്‍ ഉന്നയിച്ചത്.Indians
ഇന്ത്യന്‍ വ്യവസായിയായിരുന്ന പര്‍മാനന്ദ് ദീപ്ചന്ദ് ഹിന്ദുജയാണ് ഹിന്ദുജ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഓട്ടോമോട്ടീവ്, ഓയില്‍, ഷിപ്പിങ്, ബാങ്കിങ്, ആരോഗ്യം, മാധ്യമം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് ശൃംഖലയാണു നിലവില്‍ ഹിന്ദുജ. അശോക് ലെയ്‌ലന്‍ഡ്, സ്വിച്ച് മൊബിലിറ്റി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുജ ബാങ്ക്, ഹിന്ദുജ ഹെല്‍ത്ത് കെയര്‍, ഗള്‍ഫ് ഓയില്‍, എന്‍.എക്‌സ്.ടി ഡിജിറ്റല്‍ എന്നിവയാണു പ്രധാന ബിസിനസ് സംരംഭങ്ങള്‍.
20 ബില്യന്‍ യു.എസ് ഡോളര്‍(ഏകദേശം 1,68,770 കോടി രൂപ) ആണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി. മേല്‍പറഞ്ഞ വ്യവസായ സംരംഭങ്ങള്‍ക്കു പുറമെ റേഫിള്‍സ് ലണ്ടന്‍ ഹോട്ടല്‍ ഉള്‍പ്പെടുന്ന നിരവധി റിയല്‍ എസ്റ്റേറ്റ് സ്വത്തുവകകളും ലണ്ടന്റെ വിവിധ ഭാഗങ്ങളിലായി കുടുംബത്തിനുണ്ട്. റേഫിള്‍സില്‍ പ്രീമിയം സ്യൂട്ടില്‍ ഒരു രാത്രിക്കുള്ള ഫീ 25,000 പൗണ്ടാണ്. ഏകദേശം 26 ലക്ഷം രൂപ വരുമിത്.
പര്‍മാനന്ദ് ഹിന്ദുജയുടെ മകനും ബ്രിട്ടീഷ് കോടീശ്വരനുമായ ശ്രീചന്ദ് പര്‍മാനന്ദ് ഹിന്ദുജയാണ്(എസ്.പി ഹിന്ദുജ) നിലവില്‍ കമ്പനിയുടെ ചെയര്‍പേഴ്‌സന്‍. കമ്പനിയുടെ യൂറോപ്യന്‍ ചെയര്‍മാനും പര്‍മാനന്ദ് ഹിന്ദുജയുടെ മറ്റൊരു മകനുമായ പ്രകാശ് ഹിന്ദുജയും കുടുംബവുമാണ് ഇപ്പോള്‍ ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് സ്വിസ് കോടതിയില്‍ വിചാരണ നേരിടുന്നത്. പ്രകാശ് ഹിന്ദുജ, ഭാര്യ കമല്‍, മകന്‍ അജയ്, അജയ്‌യുടെ ഭാര്യ നമ്രത എന്നവര്‍ക്കെതിരെയാണ് കേസുള്ളത്.
സ്വിസ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ ഉയര്‍ത്തിയ പ്രധാന വാദങ്ങള്‍
1. ഇന്ത്യയില്‍നിന്ന് എത്തിച്ച തൊഴിലാളികള്‍ക്ക് മൊത്തം നല്‍കുന്നതിന്റെ എത്രയോ ഇരട്ടി വളര്‍ത്തുനായയ്ക്കു വേണ്ടി ഹിന്ദുജ കുടുംബം ചെലവിട്ടിട്ടുണ്ട്. 8,584 സ്വിസ് ഫ്രാങ്ക്‌സ്(ഏകദേശം 8.09 ലക്ഷം രൂപ) ആണ് നായയ്ക്കു വേണ്ടി ഒരു വര്‍ഷം ഇവര്‍ ചെലവിട്ടത്. അതേസമയം, ദിവസം 18 മണിക്കൂര്‍ വരെ ജോലിയെടുപ്പിച്ച് തൊഴിലാളികള്‍ക്കു നല്‍കുന്ന ദിവസക്കൂലി വെറും ഏഴ് ഫ്രാങ്ക്‌സും(660 രൂപ)!
2. തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ച് ഇവരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തൊഴിലാളികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു. സ്വിസ് നിയമപ്രകാരം മനുഷ്യക്കടത്തില്‍ വരുന്ന കുറ്റമാണിത്.
3. ഇന്ത്യന്‍ രൂപയിലാണു തൊഴിലാളികള്‍ക്കു വേതനം നല്‍കിയിരുന്നത്. ഇതിനാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുറത്തിറങ്ങി സഞ്ചരിക്കാനോ സാധനങ്ങള്‍ വാങ്ങാനോ ഇവര്‍ക്കാകില്ല.
4. തൊഴില്‍ കരാറില്‍ ജോലിസമയമോ അവധി ദിവസമോ ഒന്നും വ്യക്തമാക്കിയിരുന്നില്ല. കുടുംബം ആവശ്യപ്പെടുന്നതിനനുസരിച്ചു തൊഴിലെടുക്കണമെന്നായിരുന്നു നിര്‍ദേശം. കരാറിലെ ഈ അവ്യക്തത മുതലെടുത്താണു തൊഴില്‍ചൂഷണം നടക്കുന്നത്.
ഹിന്ദുജ കുടുംബത്തിന്‍റെ വാദങ്ങള്‍
1. തൊഴിലാളികളോട് എല്ലാവിധ ആദരവോടെയുമാണു പെരുമാറിയിരുന്നത്. ഒരുതരത്തിലുള്ള തൊഴില്‍ചൂഷണവും നടന്നിട്ടില്ല.
2. തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും താമസവും നല്‍കിയിരുന്നു.
3. നാട്ടില്‍ പലതവണ അവധിക്കു പോയ ശേഷവും തൊഴിലാളികളെല്ലാം തിരിച്ചെത്താറുണ്ട്. ജോലിയിലും കുടുംബത്തില്‍നിന്നുള്ള പെരുമാറ്റത്തിലുമെല്ലാം അവര്‍ സംതൃപ്തരാണെന്നും പരാതിയൊന്നുമില്ലെന്നുമാണ് ഇതു വ്യക്തമാക്കുന്നത്.
4. തൊഴിലാളി നിയമനത്തിലും കൈകാര്യത്തിലുമൊന്നും കുടുംബത്തിനു നേരിട്ടു പങ്കില്ല.
5. ഹിന്ദുജ കുടുംബത്തോടുള്ള പ്രോസിക്യൂട്ടറുടെ പക്ഷപാതസമീപനമാണ് ആരോപണങ്ങളില്‍ മുഴുക്കെയുള്ളത്. മറ്റൊരു കുടുംബവും ഇത്തരമൊരു സമീപനം നേരിട്ടിട്ടില്ല.
അതേസമയം, പ്രകാശ് ഹിന്ദുജയ്ക്കും കുടുംബത്തിനും ദീര്‍ഘമായ തടവുശിക്ഷ നല്‍കണമെന്നാണ് കോടതിയില്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരത്തുകയായി കുടുംബം 3.5 മില്യന്‍ ഫ്രാങ്ക്‌സ്(ഏകദേശം 33 കോടി രൂപ) നല്‍കുകയും വേണം. ഇതിനു പുറമെ കോടതിച്ചെലവുകള്‍ക്കായി ഒരു മില്യന്‍ ഫ്രാങ്കും അടയ്ക്കണെന്നും പ്രോസിക്യൂട്ടര്‍ ബെര്‍ടോസ ആവശ്യപ്പെട്ടു.