‘ലോകത്ത് സ്വാധീനശേഷിയുള്ള നേതാവ്’; ജീവനും കൊണ്ട് ബംഗ്ലാദേശ് വിട്ടോടുന്ന ഹസീന
ധാക്ക: ലോകത്ത് സ്വാധീനശേഷിയുള്ള നേതാവെന്ന് ഫോബ്സ് മാസിക വിശേഷിപ്പിച്ച ശൈഖ് ഹസീനയാണ് അധികാരം വിട്ടെറിഞ്ഞ്, ജീവനും കൊണ്ട് ബംഗ്ലാദേശ് വിട്ടോടിയത്. ഒന്നര പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച ഹസീന പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനതയുടെ ചൂടറിഞ്ഞതോടെയാണ് പ്രധാനമന്ത്രി പദവി രാജിവെച്ച് രാജ്യം വിടാൻ നിർബന്ധിതയായത്. കാവ്യനീതിയെന്നാണ് പ്രതിപക്ഷപാർട്ടികളും തെരുവിലിറങ്ങിയ ജനതയും ഹസീനയുടെ രാജിയെ വിശേഷിപ്പിച്ചത്. അധികാര ദുർവിനിയോഗവും ജനാധിപത്യ വിരുദ്ധതയുമാണ് ഹസീനയുടെ വീഴ്ചക്കിടയാക്കിയത്.Hasina
ബംഗ്ലാദേശ് സ്ഥാപകനേതാക്കളിലൊരാളും ആദ്യപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്മാന്റെ മകളായ ശൈഖ് ഹസീന 1947 സെപ്റ്റംബർ 28 നാണ് ജനിക്കുന്നത്. കോളജ് വിദ്യാഭ്യാസ കാലത്താണ് സ്റ്റുഡൻസ് ലീഗിലൂടെ രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. 1975 ൽ ആഗസ്റ്റ് 15 ന് നടന്ന പട്ടാള അട്ടിമറിയിലൂടെ പിതാവ് മുജീബുർ റഹ്മാൻ കൊല്ലപ്പെടുന്നതോടെയാണ് ഹസീനയുടെ ജീവിതം മാറിമറിയുന്നത്. കുടുംബാംഗങ്ങളിലെ മിക്കവരും കൊല്ലപ്പെടുമ്പോൾ ഹസീനയും ഭർത്താവും മക്കളും സഹോദരി ശൈഖ് രഹനയും യൂറോപ്പിലയതുകൊണ്ടാണ് രക്ഷപ്പെട്ടത്. സിയാവുർ റഹ്മാന്റെ നേതൃത്വത്തിലുള്ള പട്ടാള ഭരണകൂടം ഹസീനയെും കുടുംബത്തെയും ബംഗ്ലാദേശിൽ പ്രവേശിക്കുന്നത് വിലക്കിയതോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാനായില്ല.
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നൽകിയ രാഷ്ട്രീയ അഭയം സ്വീകരിച്ച ഹസീനയും കുടുംബാംഗങ്ങളും ആറ് വർഷത്തോളമാണ് ഇന്ത്യയിൽ തങ്ങിയത്. ഇന്ത്യയിലിരുന്നുകൊണ്ട് അവർ അവാമി ലീഗിനെ നയിച്ചു. 81 ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ബംഗ്ലാദേശിലേക്ക് മടങ്ങാനായത്. തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച ഹസീന അവാമി ലീഗുൾപ്പെടുന്ന മുന്നണിയുടെ പ്രതിപക്ഷ നേതാവായി. 86 ലും 91 ലും പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്ന ഹസീന 96 ൽ അധികാരത്തിലെത്തി. താരതമ്യേന മെച്ചപ്പെട്ട ഭരണം കാഴ്ചവെച്ചെങ്കിലും 2001ൽ അധികാരത്തുടർച്ചയുണ്ടായില്ല.
2009ൽ അധികാരത്തിൽ തിരിച്ചെത്തിയ ഹസീന 2014 ലും 19 ലും 2024 ലും ‘വിജയം’ ആവർത്തിച്ചു. അധികാരത്തിലിരിക്കെ ബംഗ്ലാദേശിനെ നവീകരിക്കുന്ന പല നടപടികളും കൈക്കൊണ്ടു. പ്രതിപക്ഷ പാർട്ടികളെ വേട്ടയാടിയും നേതാക്കളെയും പ്രവർത്തകരെയും തുറങ്കലിലടച്ചും പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തി അവർ ഏകാധിപതിയായി. നാലാംതവണയും ഹസീന അധികാരത്തിലെത്തുമ്പോൾ പ്രതിക്ഷനേതാക്കളടക്കമുള്ള എതിർശബ്ദമുയർത്തിയ നേതാക്കളും പാർട്ടിപ്രവർത്തകരായ പതിനായിരക്കണക്കിന് ആളുകളുമാണ് തുറങ്കലിലടക്കപ്പെട്ടത്. ജനാധിപത്യത്തെ തുറങ്കലിലടച്ച ഭരണാധികാരിയെന്നാണ് ജനാധിപത്യവാദികൾ അവരെ വിശേഷിപ്പിച്ചത്. അഴിമതി ആരോപണങ്ങളും ജനാധിപത്യവിരുദ്ധതയും ഹസീനക്കെതിരെ ഉയർന്നു. ഹസീനയുടെ വീട്ടുജോലിക്കാരന്റെ സമ്പാദ്യം 3.4 കോടി ഡോളറെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വേലക്കാരൻ കോടികൾ സമ്പാദിച്ചെങ്കിൽ പ്രസിഡന്റിന്റെ സമ്പാദ്യം എത്രയായിരിക്കുമെന്ന ചോദ്യം ഉയർന്നത് ഹസീനയെ പ്രതിരോധത്തിലാക്കിയിരുന്നു. പലകാലങ്ങൾക്കിടയിൽ 19 തവണയാണ് ഹസീന വധശ്രമം നേരിട്ടതെന്നാണ് റിപ്പോർട്ടുകൾ.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെ ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയതോടെയാണ് ഹസീനയുടെ നിലനിൽപ്പ് അപകടത്തിലായത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്. ജനരോഷം ആളിക്കത്തിയതോടെ അത് തന്റെ ജീവൻ അപകടത്തിലാക്കുമെന്ന തിരിച്ചറിവുണ്ടായതോടെയാണ് ഹസീന അധികാരം വിട്ടോടിയത്. പ്രധാനമന്ത്രി രാജിവെച്ചതോടെ വലിയ ആഘോഷമാണ് ബംഗ്ലാദേശിൽ.