കളി കുളമാക്കരുത്! ഐ.ഒ.എ തെരഞ്ഞെടുപ്പ് വിവാദത്തിൽ കടുത്ത അതൃപ്തിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി

ന്യൂഡൽഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടപടികളിൽ കടുത്ത അതൃപ്തിയുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. അധികാരപ്പോരിൽ ഒളിമ്പിക് ഭരണസമിതി തെരഞ്ഞെടുപ്പ് ചീഞ്ഞു നാറുന്നതിനിടെയാണ് അതൃപ്തി പരസ്യപ്പെടുത്തി ഐ.ഒ.സി രംഗത്തെത്തുന്നത്.

തെരഞ്ഞെടുപ്പ് നടപടികളിലെ തര്‍ക്കങ്ങളും വിവാദങ്ങളും ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുമെന്ന് ഐ.ഒ.സി വിലയിരുത്തി. ഐ.ഒ.എ ജനറൽ അസംബ്ലിയിലേക്ക് കായിക പ്രതിനിധി (എസ്.ഒ.എം) തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണവും പരാതിയുമായി ഉഷ രംഗത്തെത്തിയതിനു പിന്നാലെയാണ് ഐ.ഒ.സി ആശങ്ക അറിയിച്ചത്.

തെരഞ്ഞെടുപ്പ് നടപടികള്‍ ഒളിമ്പിക് ചാര്‍ട്ടറിനും ഐ.ഒ.എ ഭരണഘടനക്കും അനുസൃതമായിരിക്കണമെന്നും, ബാഹ്യ ഇടപെടലുകളില്ലാതെ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്നും ഐ.ഒ.എക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർദേശം നൽകി.

ഒളിമ്പിക് ചാര്‍ട്ടറിന് അനുസൃതമായി ഐ.ഒ.എയില്‍ ശക്തമായ ഭരണസംവിധാനം ഉറപ്പാക്കാന്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ക്കിടയിലും പഴയ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കുന്നത് നിരാശാജനകമാണെന്ന് ഐ.ഒ.സി കുറ്റപ്പെടുത്തി. എസ്.ഒ.എം തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ നിലവിലെ അധ്യക്ഷ പി.ടി. ഉഷ ഒളിമ്പിക് കമ്മിറ്റിക്ക് കത്തെഴുതിയ സാഹചര്യത്തിലാണ് ഐ.ഒ.സിയുടെ ഇടപെടൽ. ഉഷയുടെ ആരോപണത്തിലോ, തെരഞ്ഞെടുപ്പ് ഫലത്തിലോ ഐ.ഒ.സി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഒളിമ്പിക്സ് ശ്രമങ്ങൾക്ക് തിരിച്ചടി

ന്യൂഡൽഹി: 2036 ഒളിമ്പിക്സ് ആതിഥേയത്വത്തിനായി ഇന്ത്യ ശ്രമം ആരംഭിച്ചതിനിടെയാണ് ഐ.ഒ.എ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ആരംഭിക്കുന്നത്. ബിഡ് സമർപ്പണത്തിനു പിന്നാലെ, നവംബർ 26നാണ് ഫ്യൂച്ചർ ഹോസ്റ്റ് കമ്മിറ്റിക്ക് മുന്നിൽ ഇന്ത്യയുടെ ആതിഥേയ അവകാശം അവതരിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടപടി വിവാദത്തിലായ പശ്ചാത്തലത്തിൽ ഉഷ പങ്കെടുക്കുമോ എന്നതിലും വ്യക്തതയില്ല. ഒളിമ്പിക് വേദിക്കായി ശ്രമിക്കുമ്പോള്‍ ആഭ്യന്തര അധികാരപ്പോരും തെരഞ്ഞെടുപ്പ് വിവാദങ്ങളും ഒളിമ്പിക് സ്വപ്നത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക സജീവമായി.

ഉഷക്കെതിരെ പരാതി; അയോഗ്യയാക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: ഐസ് ഹോക്കി ഫെഡറേഷൻ വഴി ഒളിമ്പിക് അസോസിയേഷൻ ജനറൽ അസംബ്ലിയിലേക്ക് നാമനിർദേശം നേടിയ പി.ടി. ഉഷക്കെതിരെ പരാതി. ഭരണഘടനാനുസൃതമല്ല ഉഷയുടെ നാമനിർദേശമെന്ന് വ്യക്തമാക്കി ആന്ധ്ര ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി കെ.പി. റാവു ഐ.ഒ.എ തെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. ട്രാക്ക് ആൻഡ് ഫീൽഡ് താരമായ ഉഷക്ക് ഐസ് ഹോക്കിയുമായി ബന്ധമില്ലെന്നും, ഐസ് ഹോക്കി അസോസിയേഷൻ അംഗമല്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചു. ഒളിമ്പിക് ചാർട്ടറിന്റെയും പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണെന്നും ജനറൽ അസംബ്ലിയിൽ നിന്നും അയോഗ്യയാക്കണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ, എസ്.ഒ.എമ്മിൽ തോറ്റ ഉഷ ജനറൽ അസംബ്ലിയിൽ ഇടംപിടിച്ചത് എതിര്‍ചേരിയെ അമ്പരപ്പിച്ചിരിക്കുകയാണ്. അത്‍ലറ്റിക്സ് ഫെഡറേഷൻ ഉൾപ്പെടെ അവഗണിച്ചപ്പോഴാണ് ഐസ് ഹോക്കിയിലൂടെ ഉഷയുടെ മാസ് എൻട്രി. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ തെരഞ്ഞെടുപ്പ് ഏറെ ശ്രദ്ധേയമായി മാറി.