ആവേശമാകും ഐഫോൺ 16 മോഡലുകൾ: കേട്ടതൊക്കെയാകുമോ വരുന്നത്…

iPhone 16

ന്യൂയോർക്ക്: ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഐഫോൺ 16 സീരിസിനായി. ഇതുവരെ കേട്ടതൊക്കെയാണോ അതോ വേറെ എന്തെങ്കിലുമൊക്കെ ഉണ്ടാകുമോ എന്നാണ് ആപ്പിൾ പ്രേമികൾ നോക്കുന്നത്. അതേസമയം ഐഫോൺ 15ന് ഇപ്പോൾ ഇന്ത്യയിൽ വിലക്കുറവിൽ വാങ്ങാനും അവസരമുണ്ട്. ഫ്‌ളിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് വിലക്കുറവിൽ വാങ്ങാൻ അവസരം.iPhone 16

സെപ്തംബറിലാണ് 16 സീരിസ് ഇറങ്ങുന്നത്. ഇതിനകം തന്നെ ത്രില്ലടിപ്പിക്കുന്ന ഫീച്ചറുകളാണ് പുറത്തുവന്നിരിക്കുന്നത്. ആപ്പിളിന്റേതായ പ്രഖ്യാപനം അവരുടെ എ.ഐ മാത്രമാണ്. ഇതാദ്യമായാണ് ആപ്പിൾ, എ.ഐ തങ്ങളുടെ മോഡലുകളിലേക്ക് കൊണ്ടുവരുന്നത്. സാംസങും മറ്റു കമ്പനികളും വിപണിയിൽ ഇറക്കി നേട്ടമുണ്ടാക്കിയ വിപണിയിലേക്ക് ആപ്പിൾ വരുമ്പോൾ എന്തെങ്കിലുമൊരു പുതുമ ഉണ്ടാകും എന്ന് ഉറപ്പാണ്.

ആപ്പിൾ ഇന്റലിജൻസ് എന്നാണ് അവർ എ.ഐയെ വിളിക്കുന്നത്. ആപ്പിൾ ഇന്റലിജസിനെക്കുറിച്ച് നേരത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ചില സസ്‌പെൻസുകൾ ഒളിപ്പിച്ചുവെച്ചിരുന്നു. ആ സസ്‌പെൻസിലേക്ക് കൂടിയാണ് ടെക് ലോകം കാത്തിരിക്കുന്നത്. ഐഫോൺ 15നെക്കാളും 16 പരമ്പരയിലെ മോഡലുകൾക്ക് ഡിമാൻഡ് വർധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തൊക്കെയാണ് ആപ്പിൾ 16നെ ഇത്രയും പ്രിയപ്പെട്ടതാക്കുന്നത്.

ഒന്നാമത്തെ കാരണം ആപ്പിൾ ഇന്റലിജൻസാണ്. പുതിയ ചാറ്റ്-ജിപിടിയിൽ പ്രവർത്തിക്കുന്ന സിരി അനുഭവിക്കുന്നവര്‍ 16നായി തീര്‍ച്ചയായും കാത്തിരിക്കണം എന്നാണ് പറയുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ബേസ് മോഡലായ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിലുള്‍പ്പെടെ മുഴുവൻ ഐഫോൺ 16 ലൈനപ്പിലും ആപ്പിൾ ഇന്റലിജന്‍സ് ഉള്‍പ്പെടും. എന്നിരുന്നാലും, പുതിയ എ.ഐ സവിശേഷതകൾ തുടക്കത്തില്‍ ലഭ്യമായേക്കില്ല. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെയാണ് ലഭിച്ചുതുടങ്ങുക.

മാക്റൂമേഴ്സ് റിപ്പോർട്ട് അനുസരിച്ച്, നാല് ഐഫോണ്‍ 16 മോഡലുകളിലും ഏറ്റവും പുതിയ ചിപ്സെറ്റായ എ18 ആയിരിക്കും. എ18 ചിപ്‌സെറ്റാണ് രണ്ടാമത്തെ ആവേശ ഘടകം. ആപ്പിള്‍ ഇന്റലിജന്‍സിനെക്കൂടി കണ്ടാണ് എ18നെ വികസിപ്പിച്ചിരിക്കുന്നത്. ഐഫോൺ 15 നിലവിൽ എ16 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. ഇതാവട്ടെ രണ്ട് വർഷം പഴക്കമുള്ളതും എ.ഐ ഫീച്ചേഴ്സുകളെ പിന്തുണക്കാത്തതും ആണ്. അതോടൊപ്പം തന്നെ നാല് മോഡലുകളിലും കുറഞ്ഞത് എട്ട് ജിബി റാം ഉണ്ടായിരിക്കും.

ആക്ഷൻ ബട്ടനും കാപ്ച്ചർ ബട്ടനുമാണ് 16നെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. മാക്റൂമേഴ്സിന്റെ മറ്റൊരു റിപ്പോർട്ട് അനുസരിച്ച്, ആക്ഷൻ ബട്ടൺ മുഴുവൻ ഐഫോണ്‍ 16 ലൈനപ്പിലേക്കും നീട്ടും. ഇതിന് പുറമെയാണ് കാപ്ച്ചര്‍ ബട്ടണ്‍ വരുന്നത്. ഫോട്ടോഗ്രാഫി പ്രേമികൾക്കുള്ള മികച്ച ഉപകരണമാക്കി മാറ്റുകയാണ് കാപ്ച്ചര്‍ ബട്ടണിലൂടെ. പുറമെ വൈഫൈ 7 സപ്പോർട്ടും മെച്ചപ്പെട്ട നെറ്റ്‌വർക്കിങ് കഴിവുകളുള്ള പുതിയ 5 ജി മോഡവും 16ന് മിഴിവേകും.

Leave a Reply

Your email address will not be published. Required fields are marked *