ഐപിഎൽ പൂരം മാർച്ച് 22 മുതൽ; മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർലീഗ് 2025 സീസൺ മത്സര ഷെഡ്യൂൾ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ സൂചനയുണ്ടായിരുന്നതുപോലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. മാർച്ച് 22ന് കൊൽക്കത്തയിലെ ഈഡൻഗാർഡനിൽ പൂരത്തിന് കൊടിയേറും. ഫൈനൽ മത്സരം മെയ് 25ന് നടക്കും.IPL
13 വേദികളിലായി 74 മത്സരങ്ങളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഫ്രാഞ്ചൈസി ലീഗിൽ ഷെഡ്യൂൾ ചെയ്തത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടം മാർച്ച് 23ന് രാത്രി 7.30ന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യ മത്സരം സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെതിരെയാണ്.
23ന് വൈകീട്ട് 3.30നാണ് ഈ മത്സരം. 24ന് ഡൽഹി ക്യാപിറ്റൽസ് ലഖ്‌നൗ സൂപ്പർ ജയന്റിസേയും 25ന് പഞ്ചാബ് കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനേയും നേരിടും. മൂന്ന് ഫ്രാഞ്ചൈസികൾ രണ്ട് ഹോംഗ്രൗണ്ടിലായാണ് കളിക്കുക. ഡൽഹിയുടെ മത്സരങ്ങൾക്ക് അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിന് പുറമെ വിഖാഖപട്ടണവും വേദിയാകും. രാജസ്ഥാൻ സവായ്മാൻസിങ് സ്റ്റേഡിയത്തിന് പുറമെ രണ്ട് ഹോംമാച്ചുകൾ ഗുവഹാത്തിയിൽ കളിക്കും. പഞ്ചാബ് കിങ്‌സിന്റെ ഹോംമാച്ചുകൾ പിസിഎ സ്റ്റേഡിയത്തിന് പുറമെ ധർമശാലയിലും നടക്കും. ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായാണ് നടക്കുക.