അയ്യപ്പ സംഗമം നടത്തിപ്പ് ക്രമക്കേട്;ഉദ്യോഗസ്ഥരുടെ തലയിൽ



തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലുണ്ടായ പാളിച്ച മുഴുവൻ ഉദ്യോഗസ്ഥരുടെയും ഏജൻസിയുടെയും തലയിലിടാൻ നീക്കം. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്താൻ കാരണമായതെന്നും അതാണ് സ്പെഷൽ കമീഷണർ ഹൈകോടതിയിൽ സമർപ്പിച്ചതെന്നുമുള്ള പ്രചാരണത്തിലേക്കാണ് ഇപ്പോൾ ദേവസ്വം ബോർഡ് നീങ്ങുന്നത്.

സമാനമായ പ്രതികരണമാണ് ദേവസ്വം മുൻ പ്രസിഡന്‍റിൽ നിന്നുമുണ്ടായതും. എന്നാൽ കൊട്ടിഘോഷിച്ച് നടത്തിയ സംഗമത്തിന് എത്ര രൂപ ചെലവായെന്ന കാര്യത്തിൽ ആർക്കും ഒരുപിടിയുമില്ല. ദേവസ്വം ബോർഡ് യോഗം ചേർന്ന് പരിശോധിക്കാതെയാണ് ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ കണക്ക് കൈമാറിയതെന്ന് സമ്മതിക്കുന്നു. പരിശോധിച്ചിരുന്നെങ്കിൽ എല്ലാം ടാലിയാക്കുമായിരുന്നെന്ന് പറയാതെ പറയുകയാണ് ബോർഡ്.

സംഗമം നടത്തിപ്പിനെ ന്യായീകരിക്കുന്ന ബോർഡാകട്ടെ പക്ഷെ ഉദ്യോഗസ്ഥർ കൃത്യമായി വിവരം കൈമാറാത്തതിനാലാണ് ഓഡിറ്റിങ്ങിൽ പിഴവ് വന്നതെന്നാണ് ആരോപിക്കുന്നത്. ബോർഡിന്‍റെ ചാർട്ടേഡ് അക്കൗണ്ടന്‍റായ വിജയൻ ആന്‍റ് അസോസിയേറ്റ്സിന് മതിയായ രേഖകൾ ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയെന്നും വിവരമുണ്ട്. പല സംശയങ്ങളും ദൂരീകരിക്കുന്നതിന് ബോർഡ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴും മതിയായ രേഖകൾ കൈമാറിയില്ലെന്നാണ് വിവരം.

അതിനാലാണ് ഇവന്‍റ് മാനേജ്മെന്‍റ് ഏജൻസി സമർപ്പിച്ച എസ്റ്റിമേറ്റുകൾ, ഇൻവോയ്സുകൾ, ബില്ലുകൾ, കരാർ രേഖകൾ എന്നിവയുടെ പകർപ്പുകൾ മാത്രം ഓഡിറ്റിന് പരിഗണിച്ചത്. നടത്താത്ത നന്ദഗോവിന്ദം ഭജൻസിന്‍റെ ചെലവ് സംബന്ധിച്ച വിവാദവും ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപിന്‍റെ തലയിലിടുകയാണ്. കട്ടിലുകൾ വാങ്ങിയ വിഷയമാകട്ടെ ദേവസ്വം ഗസ്റ്റ്ഹൗസിലേക്ക് വാങ്ങിയതാണെന്നാണ് വിശദീകരണം.

എന്നാൽ വാങ്ങിയെന്ന് പറയുന്ന കട്ടിലുകൾ കാണാനില്ലെന്ന കാര്യത്തിൽ ബോർഡിന് മൗനമാണുള്ളത്. എന്നാൽ ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവ് സംബന്ധിച്ച് വ്യക്തത വരുത്താൻ ഇപ്പോഴും ബോർഡ് പ്രയാസപ്പെടുകയാണ്. ബോർഡിന്‍റെ ഫണ്ടിൽ നിന്നെടുത്ത മൂന്ന് കോടി തിരിച്ചടച്ചെന്നും എന്നാൽ അതുമൂലം മറ്റ് തുകകൾ അടക്കാനായില്ലെന്നും ബോർഡ് സമ്മതിക്കുന്നു. മൂന്ന് കോടി രൂപ സ്പോൺസർഷിപ് ആയി ലഭിച്ചെന്നും അദാനി ഒരു കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുമാണ് ബോർഡിന്‍റെ വാദം. 17ന് ചേരുന്ന ബോർഡ് യോഗത്തിൽ മുഖംരക്ഷിക്കാനും ഓഡിറ്റ് റിപ്പോർട്ടിൽ മാറ്റംവരുത്തി സമർപ്പിക്കാനുമുള്ള നീക്കവും ദേവസ്വം ബോർഡ് നടത്തുന്നതായാണ് വിവരം.