വെസ്റ്റ് ബാങ്കിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ; 12 ഫലസ്തീനികൾ കൊല്ലപ്പെട്ടു

Palestinians

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. വെസ്റ്റ് ബാങ്കിലെ ജെനിൻ മേഖലയിലാണ് ഇസ്രായേൽ മൂന്നാം ദിവസവും ആക്രമണം കനപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പ്രദേശത്ത് 10 പേർ കൊല്ലപ്പെടുകയും 40 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ന് രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Palestinians

ജെനിൻ അഭയാർത്ഥി ക്യാമ്പിനെ വാസയോഗ്യമല്ലാതാക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പ്രദേശത്ത് ഇസ്രായേൽ നടത്തുന്നതെന്നും മാധ്യമറിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹെബ്രോൺ, നബ്ലസ്, തുൽക്കറെം, റമല്ല, ജറുസലേം എന്നീ ഗവർണറേറ്റുകളിൽ നിന്ന് 22 ഫലസ്തീനികളെ കഴിഞ്ഞ ദിവസങ്ങളിലായി ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. ജെനിനിൽ മാത്രമല്ല വെസ്റ്റ് ബാങ്കിലുടനീളം സാഹചര്യങ്ങൾ ഭയാനകമാണെന്ന് അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

ഇസ്രായേലി റെയ്ഡുകളും സ്വതന്ത്രമായി സഞ്ചരിക്കാൻ പോലുമുള്ള നിയന്ത്രണങ്ങളും ജനജീവിതം ദുസ്സഹമാക്കുകയാണെന്ന് ഫലസ്തീൻ ആക്ടിവിസ്റ്റ് ഹംസ സുബീദത്ത് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോട് പറഞ്ഞു. മൂന്ന് ദിവസമായി പ്രദേശത്ത് റെയ്ഡ് തുടരുകയാണെന്നും ഹംസ സുബീദത്ത് വ്യക്തമാക്കി. വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമം തടയാൻ ലക്ഷ്യമിട്ടുള്ള ബൈഡൻ സർക്കാരിന്റെ ഉപരോധം ട്രംപ് നീക്കിയതോടെയാണ് മേഖലയിൽ ആക്രമണങ്ങൾ കനക്കുന്നത്.

അതേസമയം, വെടിനിർത്തൽ തുടരുന്ന സാഹചര്യത്തിൽ ഗസ്സ മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി യുഎൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംഘനകളുടെ സഹായത്തോടെ ഭക്ഷണവിതരണം വർധിപ്പിക്കുകയും, ബേക്കറികൾ വീണ്ടും തുറക്കുകയും, ആശുപത്രികൾ പുനഃസ്ഥാപിക്കുകയും, ജല ശൃംഖലകൾ നന്നാക്കുകയും, ആളുകളെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും യുഎൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *