ലബനാനില്‍ കരയാക്രമണം തുടങ്ങി ഇസ്രായേല്‍; 2006ന് ശേഷം ആദ്യം, ബെയ്റൂത്തില്‍ വ്യോമാക്രമണം
ബെയ്റൂത്ത്: ലബനാനിൽ കരയാക്രമണം തുടങ്ങി ഇസ്രായേൽ. ഹിസ്ബുല്ലയെ ലക്ഷ്യമിട്ടുകൊണ്ടുള്ള പരിമിതമായ ആക്രമണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഇതിനു പിന്നാലെ സൈനികര്‍ ലബനാനിലേക്ക് പ്രവേശിച്ചു. 2006ന് ശേഷം ലബനാനിൽ ആദ്യമായാണ് ഇസ്രായേല്‍ കരയാക്രമണം നടത്തുന്നത്.
അതേസമയം ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രണം നടത്തി. താമസക്കാരോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടതിന് ശേഷമായിരുന്നു ആക്രമണം. തിങ്കളാഴ്ച ലബനാനിലുണ്ടായ ആക്രമണത്തിൽ 95 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദമാസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സിറിയൻ തലസ്ഥാനമായ മെസെഹിന്റെ സമീപപ്രദേശത്തുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ പ്രാദേശിക പത്രപ്രവർത്തകൻ സഫാ അഹ്മദും ഉൾപ്പെടുന്നുവെന്ന് അൽ മയാദീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണത്തെക്കുറിച്ച് ഐഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: ഇസ്രായേലിന്റെ കരയാക്രമണം നേരിടാൻ തയാറെന്ന് ഹിസ്ബുല്ല; അധികം വൈകാതെ പുതിയ മേധാവിയെ തെരഞ്ഞെടുക്കും
തെക്കൻ ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമെതിരായ കൃത്യമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡുകൾ നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന എക്സില്‍ കുറിച്ചു. ഈ കേന്ദ്രങ്ങള്‍ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലാണ് സ്ഥിതി ചെയ്യുന്നതെന്നും വടക്കൻ ഇസ്രായേലിലെ ഇസ്രായേലികള്‍ക്ക് ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ മാസങ്ങളിലായി ജനറൽ സ്റ്റാഫും നോർത്തേൺ കമാൻഡും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ഐഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഇസ്രായേലി വ്യോമസേനയും ഐഡിഎഫ് ആർട്ടിലറിയും പ്രദേശത്തെ സൈനിക ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം നടത്തി കരസേനയെ പിന്തുണയ്ക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ലബനാനിലെ ഹിസ്ബുല്ലക്കു നേരെയുള്ള ആക്രമണം പുതിയ ഘട്ടത്തിലേക്കെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. കരയുദ്ധത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചതായി സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ പരിമിത സ്വഭാവത്തിലുള്ളതും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതുമായ കരയാക്രമണമാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ അമേരിക്കയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാത്രി നെതന്യാഹുവിന്റെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ സമിതി യോഗം കരയുദ്ധത്തിന് അനുമതി നൽകിയിരുന്നതായാണ് റിപ്പോർട്ട്. അതിർത്തി കേന്ദ്രങ്ങളിൽ നിന്ന് ഹിസ്ബുല്ലയെ പൂർണമായി തുരത്തുകയാണ് ലക്ഷ്യമെന്ന് ഇസ്രായേൽ സൈനിക, രാഷ്ട്രീയ നേതൃത്വം പ്രതികരിച്ചു. ബെയ്റൂത്തിന്റെ ദക്ഷിണ പ്രവിശ്യകളായ അൽ ലെയ്ലാകി, ഹാരെറ്റ് ഹ്റീക്, അൽ ബറജ്നി എന്നിവിടങ്ങൾക്കു നേരെയും വ്യോമാക്രമണം നടന്നു.
കാത്തിരുന്നോളൂ…’ ആക്രമണ സൂചന നൽകി ഇറാൻ; പിന്തിരിപ്പിക്കാൻ അമേരിക്കൻ നീക്കം
ജനങ്ങളോട് പ്രദേശത്തു നിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് അധികം കഴിയും മുമ്പായിരുന്നു ആക്രമണം. ബെയ്റൂത്തിലെ കോല പ്രദേശത്തിനു നേരെയും ഇന്നലെ വ്യാപക വ്യോമാകമണം നടന്നു. ദിവസങ്ങൾക്കകം ലക്ഷങ്ങളാണ് ലബനാനിൽ അഭയാർഥികളായി മാറിയത്. നൂറിലേറെ മിസൈലുകൾ അയച്ച് ഹിസ്ബുല്ലയും തങ്ങളുടെ പ്രതിരോധം അജയ്യമാണെന്ന് തെളിയിച്ചു. ഹൈഫയിലും ഗലീലിയിലും മിസൈലുകൾ പതിച്ച് നാശനഷ്ടം നേരിട്ടു. മധ്യ ബെയ്റൂത്ത് ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം സമ്പൂർണ യുദ്ധത്തിന്റെ സൂചനയായും വിലയിരുത്തുന്നു.
കരയാക്രമണത്തിന് ഒരുങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്ന് ഹിസ്ബുല്ല ഉപമേധാവി ശൈഖ് നഈം ഖാസിം വ്യക്തമാക്കിയിരുന്നു. പുതിയ നേതൃത്വത്തെ സംഘടന ചട്ടപ്രകാരം ഉടൻ തെരഞ്ഞെടുക്കുമെന്നും ലബനാനിലെ സാധാരണക്കാരെയാണ് ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ശൈഖ് നഈം ഖാസിം പറഞ്ഞു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇരുപക്ഷവും വെടിനിർത്തലിനു തയാറാകണമെന്ന് യു.എസ്പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം കൂടുതൽ എഫ് 16, എഫ് 15 പോർവിമാനങ്ങളും മറ്റു യുദ്ധോപകരണങ്ങളും മേഖലയിലേക്ക് അയക്കാൻ പെന്റഗൺ തീരുമാനിച്ചു. പശ്ചിമേഷ്യയിൽ യു.എസ് സൈനികരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും പെന്റഗൺ. ഇസ്മാഈൽ ഹനിയ്യയുടെയും ഹസൻ നസ്റുല്ലയുടെയും കൊലക്ക് പ്രതികാരം ഉറപ്പാണെന്ന് ഇറാന് താക്കീത് നല്കി. ഹുദൈദ ആക്രമണത്തിന് ഇസ്രായേലിനെതിരെ കണക്കുതീർക്കുമെന്ന് യെമനിലെ ഹൂതികളും വ്യക്തമാക്കി. തങ്ങളുടെ ഡ്രോൺ ഞായറാഴ്ച ഹൂതികൾ വെടിവെച്ചിട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.