റഫയിലെ അതിർത്തികൾ അടച്ച് ഇസ്രായേൽ; ഭക്ഷ്യസഹായ വിതരണം തടസ്സപ്പെട്ടു
ദുബൈ: വെടിനിർത്തലിന് ഹമാസ് സന്നദ്ധത അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സൈന്യം. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തതോടെ ഗസ്സ യുദ്ധം പുതിയ വഴിത്തിരിവിൽ.Rafah
റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. റഫ ക്രോസിങ്ങിൽ സൈന്യം ഇസ്രായേൽ പതാക നാട്ടി. ഹമാസിന്റെ സൈനിക-സാമ്പത്തിക സ്രോതസ്സ് തകർക്കുകയെന്നതാണ് റഫ ആക്രമണ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ റഫയിലെ നാല് ബ്രിഗേഡുകളെയും തകർക്കുമെന്നും മുന്നറിയിപ്പ് നൽകി. ബന്ദിമോചനം ഉറപ്പാക്കുകയാണ് റഫ ആക്രമണ ലക്ഷ്യമെന്നും വിശദീകരണമുണ്ട്.
ഫലസ്തീൻ ചെറുത്തുനിൽപ്പിനു മുന്നിൽ തോൽവിയടഞ്ഞ ഇസ്രായേലിന്റെ റഫ ആക്രമണം കൂട്ടക്കുരുതികൾക്കുള്ള ആസൂത്രിത നീക്കം മാത്രമാണെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ബന്ദിയായ എഴുപതുകാരി ജൂഡി ഫെയിൻസ്റ്റൈൻ മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ അറിയിച്ചു.
റഫക്കു നേരെ വ്യാപക ആക്രമണം ലക്ഷ്യമല്ലെന്ന് ഇസ്രായേൽ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതികരിച്ചു. ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലെത്തി. ഹമാസ് സംഘവും കൈറോയിലുണ്ട്.