വെടിനിർത്തൽ ചർച്ചക്കിടയിലും കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഇന്ന് രാവിലെ മുതൽ കൊല്ലപ്പെട്ടത് 42 ഫലസ്തീനികൾ

Israel continues to massacre Palestinians despite ceasefire talks; 42 killed since this morning

 

ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ ചർച്ച നടക്കുന്നതിനിടയിലും ഗസ്സയിൽ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ. ഇന്ന് രാവിലെ മുതൽ മാത്രം 42 ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. സഹായവിതരണ കേന്ദ്രങ്ങളിൽ ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെയും ആശുപത്രികളിൽ കഴിയുന്നവരെയും ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്.

ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ കരാറിൽ ചർച്ചക്ക് തയ്യാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാറിന് തയ്യാറാണെന്നും എന്നാൽ ഇത് സ്ഥിരമായ വെടിനിർത്തലിലേക്ക് എത്തണമെന്നും ഹമാസിന്റെ സഖ്യകക്ഷിയും പ്രതിരോധസംഘടനയുമായ ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കി. ഹമാസ് അടക്കമുള്ള ഫലസ്തീൻ പ്രതിരോധസംഘടനകൾ കൂടിയാലോചിച്ചാണ് നിലപാട് വ്യക്തമാക്കിയത്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തിങ്കളാഴ്ച ചർച്ചകൾക്കായി വാഷിങ്ടണിൽ എത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയിൽ 60 ദിവസത്തെ വെടിനിർത്തൽ സംബന്ധിച്ച് തീരുമാനത്തിൽ എത്താനാണ് ട്രംപ് ശ്രമിക്കുന്നത്.

ഇസ്രായേൽ ഉപരോധം കാരണം ഗസ്സയിലെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധനക്ഷാമം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബേബി മിൽക്ക് ഗസ്സയിലേക്ക് എത്തുന്നത് ഇസ്രായേൽ തടയുന്നതിനാൽ നവജാത ശിശുക്കളുടെ ജീവൻ അപകടത്തിലാണെന്നും ഗസ്സ ഫീൽഡ് ഹോസ്പിറ്റലുകളുടെ ഡയറക്ടർ മർവാനൽ ഹംസ് പറഞ്ഞു. പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത്. കൂടുതൽ ആളുകൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്യുമ്പോൾ ഇത് അപര്യാപ്തമാണെന്നും ഹംസ് പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീനിലെ പ്രമുഖ ഡോക്ടറും മൂന്ന് മക്കളും ബന്ധുക്കളും കൊല്ലപ്പെട്ടു. നാസർ മെഡിക്കൽ കോംപ്ലക്‌സിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ മൗസ ഹംദാൻ ഖഫാജയാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ ഭവനരഹിതരായവർ താമസിക്കുന്ന അൽ മവാസി ഏരിയയിൽ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇസ്രായേൽ ഹ്യുമാനിറ്റേറിയൻ സോൺ ആയി പ്രഖ്യാപിച്ച സ്ഥലമാണ് അൽ മവാസി.

2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ഇസ്രായേൽ ആക്രമണത്തിൽ 1,580 ആരോഗ്യപ്രവർത്തകരനാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 90 ഡോക്ടർമാരും 132 നഴ്‌സുമാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 57,268 ആയി. 135,625 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *