വിശപ്പകറ്റാനെത്തിയവരെ കൊന്നുതീർത്ത് ഇസ്രായേൽ; ഗസ്സയിലെ സഹായവിതരണ കേന്ദ്രത്തിൽ ഇന്ന് കൊല്ലപ്പെട്ടത് 32 പേർ
റഫയിലെ ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ഭക്ഷണ വിതരണ കേന്ദ്രത്തിൽ ഇസ്രായേൽ ഇന്ന് 32 പേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന് ഗസ്സ ആരോഗ്യമന്ത്രാലം. ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ ആക്രമണം രൂക്ഷമായതോടെ ആളുകൾ അവിടേക്ക് എത്താൻ ഭയക്കുകയാണ്. ഇതുമൂലം പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളും വർധിക്കുന്നുണ്ട്.
ഇസ്രായേൽ ആക്രമണവും ഉപരോധവും കടുപ്പിക്കുമ്പോൾ വലിയ മാനുഷിക ദുരന്തത്തിനാണ് ഗസ്സ സാക്ഷ്യം വഹിക്കുന്നത്. ഇതിനെതിരെ അടിയന്തരമായി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാവണമെന്നും ഗസ്സ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ജബാലിയയിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.
അതിനിടെ അധിനിവേശ വെസ്റ്റ്ബാങ്കിലെ ബെത്‌ലഹേമിൽ ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തുന്നതായി വഫ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ബെത്ലഹേമിന് തെക്കുകിഴക്കുള്ള തുകു, കിഴക്ക് ദാറുസ്സലാ, സത്താറ, ബെത്ലഹേമിന് തെക്ക് ബൈത്ത് ഫജ്ജാർ എന്നീ പട്ടണങ്ങളിലാണ് ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭക്ഷണവിതരണ കേന്ദ്രത്തിലെത്തിയ 32 പേരടക്കം 50 ഫലസ്തീനികളെയാണ് ഇസ്രായേൽ ഇന്ന് കൊലപ്പെടുത്തിയത്. ഗസ്സയിലെ ആയിരക്കണക്കിന് ഫലസ്തീനികൾ വിനാശകരമായ പട്ടിണിയുടെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം (WPF) പറഞ്ഞു. ഗസ്സയിലെ മൂന്നിൽ ഒരാൾ ദിവസങ്ങളായി സമയത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥയിലാണെന്നും ഡബ്ലിയുപിഎഫ് വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 58,667 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 139,974 പേർക്ക് പരിക്കേറ്റു.