ഇസ്രായേൽ ആക്രമണം ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി
ഗസ്സസിറ്റി: വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേല്‍ നടത്തിയ ബോംബാക്രമണം ഗസ്സയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി.
ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി ഇസ്രായേൽ പ്രതിരോധ സേന പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു.Israeli
” നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്കിയിരിക്കുന്ന ദേവാലയമാണിത്. പള്ളിയിൽ നിന്ന് വെറും 300 – 400 മീറ്റർ പരിധി വരെ ബോംബാക്രമണങ്ങൾ നടന്നതെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ബോംബാക്രമണം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
” ഞങ്ങൾ സുഖമായിരിക്കുന്നു, പക്ഷേ ഗസ്സയില്‍ ഇതിനകം 350ലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും കേള്‍വിയുണ്ട്. ഇവിടെ ഞങ്ങൾക്കൊപ്പം മദർ തെരേസയുടെ സഹോദരിമാരുണ്ട്. മറ്റ് സമര്‍പ്പിതരുണ്ട്. ഞങ്ങള്‍ എല്ലാവരും നന്മ ചെയ്യാൻ, സേവനം ചെയ്യാന്‍ ശ്രമിക്കുന്നു; ഞങ്ങൾ പ്രാർത്ഥിക്കുന്നു, പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു; ഞങ്ങൾക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമുണ്ട്, അവർ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു”- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഒന്നാം ഘട്ട വെടിനിർത്തൽ അവസാനിപ്പിച്ച് ഗസ്സയിൽ 400ലേറെ പേരെ വീണ്ടും കൂട്ടക്കുരുതി ചെയ്ത ഇസ്രായേൽ നടപടിയിൽ വിശദീകരണവും ഭീഷണിയുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത് എത്തി. ഈ ആക്രമണം ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ സൈനിക ശക്തിയോടെ ഹമാസിനെ ആക്രമിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭാവിയിലെ വെടിനിർത്തൽ ചർച്ചകൾ ആക്രമണങ്ങൾക്കൊപ്പമായിരിക്കുമെന്നും നെതന്യാഹു ചൊവ്വാഴ്ച വൈകീട്ട് ഒരു ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു. ‘കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് ഞങ്ങളുടെ സൈന്യത്തിന്റെ ശക്തിയറിഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്ന് ഞാൻ നിങ്ങളോടും അവരോടും ഉറപ്പിച്ചുപറയുന്നു’- ഇങ്ങനെയായിരുന്നു നെതന്യാഹുവിന്റെ വാക്കുകള്‍.