‘ഗസ്സയിൽ ഇസ്രായേൽ പിന്തുണയിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു’; ഭക്ഷണം കവർന്നവർക്ക് വധശിക്ഷ നടപ്പാക്കി ഹമാസ്
ഗസ്സ: ഇസ്രായേലിന്റെ ഭീകരാക്രമണത്തിൽ വീടടക്കം നഷ്ടപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന ഗസ്സയിലെ ഭക്ഷ്യശാലകളിലും കമ്മ്യൂണിറ്റി അടുക്കളകളിലും കൊള്ള നടത്തിയ സംഘങ്ങളുടെ വധശിക്ഷ നടപ്പാക്കി ഹമാസ്. ഇസ്രായേൽ പിന്തുണയിലാണ് കൊള്ള സംഘം ഗസ്സയിൽ പ്രവർത്തിക്കുന്നതെന്നും ഭക്ഷണം ഉൾപ്പെടെയുള്ള സഹായവിതരണം തടയുന്നതും കൊള്ള നടത്തുന്നതെന്നും ഹമാസ് ആരോപിച്ചു.Gaza
കൊള്ളസംഘങ്ങളെ പിടികൂടുന്നതിന്റെ ഭാഗമായി രാത്രി ഒൻപത് മണിക്ക് ശേഷം ഹമാസ് കർഫ്യൂ പ്രഖ്യാപിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊള്ളസംഘം ജനങ്ങളെ വഴിയിൽ തടഞ്ഞുനിർത്തി പണവും ഫോണും തട്ടിയെടുക്കുന്നതും പതിവായിരിക്കുകയാണ്. കൊള്ളക്കാരെയും സായുധ സംഘങ്ങളെയും നേരിടാൻ ആഭ്യന്തര മന്ത്രാലയം 5,000 അംഗ പുതിയ സേന രൂപീകരിച്ചതായി എസ്എഎഫ്എ വാർത്താ ഏജൻസി അറിയിച്ചു.
ഇസ്രായേൽ ആക്രമണവും ഉപരോധവും മൂലം വലയുന്ന ഗസ്സയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വിവിധ യുഎൻ ഏജൻസികളും സന്നദ്ധ സംഘടനകളും വ്യക്തമാക്കി. ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള 3500ലധികം കുഞ്ഞുങ്ങൾ ഉടനടിയുള്ള മരണത്തിലേക്ക് പതിക്കുമെന്നും 2,90,000ത്തോളം കുട്ടികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്നും ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് അറിയിച്ചു. ഗസ്സയെ പട്ടിണിക്കിട്ടുള്ള ഇസ്രായേലിന്റെ യുദ്ധമുറക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
ബേബി ഫോർമുല, പോഷകാഹാര സപ്ലിമെന്റുകൾ, എല്ലാത്തരം മാനുഷിക സഹായങ്ങൾ എന്നിവ തടയുന്ന നടപടി പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സർക്കാർ മീഡിയാ ഓഫീസ് ചൂണ്ടിക്കാട്ടി. ഗസ്സയിലെ ആശുപത്രികളിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ധനം തീർന്നുപോകുമെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എന്നാൽ കൂടുതൽ റിസർവ് സൈനികരെ റിക്രൂട്ട് ചെയ്ത് ഗസ്സയിൽ ആക്രമണം വിപുലപ്പെടുത്തുമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു.