ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നരനായാട്ട്; ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു
ഗസ്സ: ഖാൻ യൂനിസിലെ ആശുപത്രി തകർത്ത് ഇസ്രായേൽ സേന ചികിത്സയിലുണ്ടായിരുന്നവരെ വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് ഇസ്രായേൽ സൈന്യത്തിന്റെ കൊടുംക്രൂരത അരങ്ങേറിയത്. പുലർച്ചെ യുദ്ധടാങ്കുകളും മെഷീൻ ഗണ്ണുകളുമായെത്തിയ ഇസ്രായേൽ സേന ചുമര് തകർത്താണ് ആശുപത്രിക്കുള്ളിൽ കടന്നത്.
മുറിവേറ്റും രോഗമൂലവും ചികിത്സ തേടിയവരെയെല്ലാം സേന വെടിവെച്ചുകൊല്ലുകയായിരുന്നു.ആശുപത്രി മുറ്റത്തും വരാന്തയിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി അൽജസീറയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുറിവേറ്റവരെ ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പുറത്താക്കി.ആശുപത്രി ജീവനക്കാരെയും ഇസ്രായേൽ സേന മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആശുപത്രിയിലെ ഉപകരണങ്ങളും മരുന്നുകളും നശിപ്പിക്കുകയും ചെയ്തു.
പേടിച്ച് പുറത്തിറങ്ങിയവരെ ഇസ്രായേൽ ഡ്രോണുകളുപയോഗിച്ച് വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. പലരെയും സൈന്യം പിടിച്ചുകൊണ്ട് പോയി. പ്രസവ ബ്ലോക്കിലിരച്ചു കയറിയ സൈന്യം അവിടെയുള്ള സംവിധാനങ്ങൾ മുഴുവനും തകർത്തുവെന്ന്ഗ സ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആംബുലൻസുകളും ഇവർ തകർത്തതായി മന്ത്രാലയം വ്യക്തമാക്കി.