‘ഗസ്സയിലെ ആഹ്ലാദനൃത്തങ്ങളില്‍നിന്ന് ആരാണ് കീഴടങ്ങിയതെന്ന് വ്യക്തം’; സർക്കാർ വിടുമെന്ന് ഭീഷണിയുമായി ഇസ്രായേൽ സുരക്ഷാ മന്ത്രി ബെൻഗിവിർ
തെൽ അവീവ്: ഹമാസുമായുള്ള വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നു ഭീഷണിയുമായി ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ. കരാറിൽ ആരാണ് കീഴടങ്ങിയതെന്ന് ഗസ്സയിലെ ആഘോഷങ്ങളിൽനിന്നു വ്യക്തമാണെന്നും ‘ഭീകരവാദികൾ’ വീണ്ടും നമ്മെ അപകടത്തിലാക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രിസഭയെ കരാറിൽനിന്നു പിന്തിരിപ്പിക്കാനുള്ള ബെൻഗിവിറിന്റെ അവസാനവട്ട നീക്കങ്ങളും പരാജയപ്പെട്ടു. ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് അൽപം മുൻപ് ചേർന്ന ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അംഗീകാരം നൽകിയിരിക്കുകയാണ്. Gaza
ജ്യൂയിഷ് പവർ പാർട്ടി എന്ന പേരിലും അറിയപ്പെടുന്ന തീവ്ര ജൂത കക്ഷിയായ ഒറ്റ്‌സ്മ യെഹൂദിത് പാർട്ടി നേതാവാണ് ഇറ്റാമർ ബെൻഗിവിർ. ഒരു വീണ്ടുവിചാരവുമില്ലാതെ കരാറിന് അംഗീകാരം നൽകിയാൽ പാർട്ടി ഈ സർക്കാർ വിടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ഇന്നു സുരക്ഷാ കാബിനറ്റ് ചേരുന്നതിനു തൊട്ടുമുൻപും സർക്കാരിലെ സഖ്യകക്ഷി നേതാക്കളെ കണ്ട് സമ്മർദം ചെലുത്തിനോക്കിയെങ്കിലും ഫലം കണ്ടില്ല. ബന്ദികൾക്കു പകരം ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കുമെന്ന കരാറിലെ ഉപാധികൾ കൂടുതൽ ഭീതിപ്പെടുത്തുന്നതാണെന്നും ഇവർ വീണ്ടും വന്ന് നമ്മെ അപകടത്തിലാക്കുകയും കൊല ചെയ്യുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹം ഇന്ന് നേതാക്കന്മാരോട് ചൂണ്ടിക്കാട്ടിയത്.
‘ഹമാസ് അനുകൂലി അയ്മൻ ഔദയുടെ(ഹദാഷ് തആൽ പാർട്ടി നേതാവും ഇസ്രായേൽ പാർലമെന്റ് അംഗവും) ഹർഷാരവങ്ങളും ഗസ്സയിലെ ആഹ്ലാദനൃത്തങ്ങളും ജൂദിയ, സമരിയ തുടങ്ങിയ (ഫലസ്തീൻ) ഗ്രാമങ്ങളിലെ ആഘോഷങ്ങളും കണ്ടാൽ ആരാണ് ഈ കരാറിൽ കീഴടങ്ങിയതെന്നു വ്യക്തമാകും. അതുകൊണ്ടുതന്നെ, ഒരു വീണ്ടുവിചാരവുമില്ലാത്ത കരാറിന് അംഗീകാരം നൽകിയാൽ ഒറ്റ്‌സ്മ യെഹൂദിത് പാർട്ടി സർക്കാരിന്റെ ഭാഗമായുണ്ടാകില്ല. സർക്കാരിനുള്ള പിന്തുണ പിൻവലിക്കും.”-ഇങ്ങനെയായിരുന്നു ഇന്നലെ ബെൻഗിവിർ നെതന്യാഹുവിനു നൽകിയ മുന്നറിയിപ്പ്.
നിലവിലെ കരാർ മറ്റൊരു ഒക്ടോബർ ഏഴ് കൂട്ടക്കൊല നടത്താൻ ഹമാസിന് പ്രചോദനമാകുക മാത്രമാണു ചെയ്യുകയെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി സ്വബോധം കാണിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതേസമയം, സുരക്ഷാ കാബിനറ്റ് കരാറിന് അംഗീകാരം നൽകിയാൽ സർക്കാരിനെ അട്ടിമറിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തോടൊപ്പം കൂട്ടുചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം നടത്തില്ല. എന്നാൽ, ഹമാസിന് ലഭിക്കുന്ന വലിയ സമ്മാനമായി മാറാൻ പോകുന്ന കരാറിന് അംഗീകാരം നൽകുന്ന ഒരു സർക്കാരിനൊപ്പം തങ്ങൾക്ക് നിൽക്കാനാകില്ലെന്നും ബെൻഗിവിർ വ്യക്തമാക്കി.
അതേസമയം, ഹമാസിനെതിരെ വീണ്ടും യുദ്ധം ആരംഭിച്ചാൽ പിന്തുണ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ യുദ്ധത്തിലൂടെ കൈവരിക്കാനാകാത്ത ലക്ഷ്യങ്ങൾ നേടിയെടുക്കാനായി കൂടുതൽ ശക്തമായി ഹമാസിനെ വീണ്ടും ആക്രമിക്കുകയാണെങ്കിൽ തങ്ങൾ സർക്കാരിനുള്ള പിന്തുണ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റ്‌സ്മ യെഹൂദിത് പാർട്ടിയുടെ നിലപാടിനെ പിന്താങ്ങണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയോടും ധനമന്ത്രി ബെസാലെൽ സ്‌മോട്രിച്ചിന്റെ റിലീജ്യസ് സയണിസ്റ്റ് പാർട്ടിയോടും ബെൻഗിവിർ നിരന്തരം അഭ്യർഥിക്കുകയും ചെയ്തിരുന്നു. നേരത്തെ, സ്‌മോട്രിച്ചിന്റെ തീവ്ര വലതുപക്ഷ പാർട്ടിയും നെതന്യാഹു സർക്കാരിനു വെല്ലുവിളിയായേക്കാവുന്ന നിലപാടുമായി രംഗത്തെത്തിയിരുന്നു. ഹമാസിന്റെ സമ്പൂർണമായ തോൽവിയല്ലാത്തൊരു യുദ്ധാവസാനമുണ്ടായാൽ സർക്കാരിൽ തുടരില്ലെന്നാണ് റിലീജ്യസ് സയണിസ്റ്റ് പാർട്ടി മുന്നറിയിപ്പ് നൽകിയത്.
സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് പാർട്ടി എംപി സവി സുക്കൂത്തും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, കരാറിൽ ഒപ്പുവയ്ക്കുംമുൻപ് സ്‌മോട്രിച്ച് നെതന്യാഹുവിൽനിന്ന് ചില മുൻകൂർ ഉറപ്പുകൾ തേടിയതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റിലീജ്യസ് സയണിസ്റ്റ് പാർട്ടിയുടെ കടുത്ത നിലപാടിനിടെ, കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആറു തവണ നെതന്യാഹു സ്‌മോട്രിച്ചുമായി കൂടിക്കാഴ്ച നടത്തിയതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ഇവരെ അനുനയിപ്പിക്കാനും കടുത്ത നടപടിയിൽനിന്നു പിന്തിരിപ്പിക്കാനുമായിരുന്നു നെതന്യാഹുവിന്റെ ശ്രമം.