ഒമാനിൽ മഴ തുടങ്ങി; ഇന്ന് കനക്കും
മസ്കത്ത്: ഒരുദിവസത്തെ ഇടവേളക്ക് ശേഷം രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ ലഭിച്ചു. പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലാണ് മഴ ലഭിച്ചത്.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ കോരിച്ചൊരിഞ്ഞത്. റോഡുകളിൽ വെള്ളം കയറി ഉൾപ്രദേശങ്ങളിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ആദം, നിസ്വ, ഇബ്രി തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി നിസ്വ സൂഖിലെ പൊതു പാർക്കിങ് ഏരിയയിൽനിന്ന് ദാഖിലിയ ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) വാഹനങ്ങൾ മാറ്റി.
സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെടുകയും ചെയ്തു. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. ദാഖിലിയ ഗവർണറേറ്റിലെ നഹ്ദ പ്രദേശത്തെ വാദിയിൽ ഒരു പൗരനും അവൈഫിയ ഏരിയയിലെ വാദിയിൽ ട്രക്ക് ഡ്രൈവറും അകപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ആർ.ഒ.പിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. വീടുകളിൽ വെള്ളം കയറുകയാണെങ്കിൽ മുകളിലെ നിലയിലേക്കോ മേൽക്കൂരയിലേക്കോ മാറിനിൽക്കേണ്ടതാണെന്ന് സി.ഡി.എ.എ ആവശ്യപ്പെട്ടു.അതേസമയം, ശനിയാഴ്ചയാണ് ന്യൂനമർദത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ കനക്കുക. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 150 മി. മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 83 കി.മീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഞായറാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 50 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യും. മുൻകരുതലെടുക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.ന്യൂനമർദം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗവർണറേറ്റുകളിൽ ദേശീയ അടിയന്തര മാനേജ്മെൻറ് കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങൾ സജീവമാക്കിയതായി അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന കാലാവസ്ഥ വെല്ലുവിളികളുടെ ആഘാതം കുറക്കുന്നതിനുമുള്ള ശ്രമങ്ങളും എടുത്തിട്ടുണ്ടെന്നും പറഞ്ഞു.