അരങ്ങേറ്റത്തിൽ പറക്കും ക്യാച്ചുമായി ജയ്സ്വാൾ; വീഡിയോ വൈറല്‍
ഏകദിനക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി യുവതാരം യശസ്വി ജയ്സ്വാൾ. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ ബെൻ ഡക്കറ്റിനെ ഒരു മനോഹര ക്യാച്ചിൽ പുറത്താക്കിയാണ് ജയ്സ്വാൾ ആരാധകരുടെ കയ്യടി നേടിയത്. ഇംഗ്ലീഷ് ഇന്നിങ്സിലെ പത്താം ഓവറിലാണ് ഗാലറിയെ ത്രസിപ്പിച്ച ക്യാച്ച് പിറന്നത്.viral
മികച്ച ഫോമിൽ ബാറ്റ് വീശിക്കൊണ്ടിരുന്ന ബെൻ ഡക്കറ്റ് മിഡ് വിക്കറ്റിൽ ആകാശത്തേക്ക് അടിച്ചുയർത്തിയ പന്ത് പിടിച്ചെടുക്കാനായി പിന്നിലേക്കോടിയെത്തിയ ജയ്സ്വാൾ ഒരു ഫുൾ ലെങ്ത് ഡൈവിൽ അതിനെ കൈപ്പിടിയിലാക്കി. 29 പന്തിൽ 32 റൺസുമായി അർധ സെഞ്ച്വറിയിലേക്ക് കുതിക്കവേയാണ് ഡക്കറ്റിന്റെ ജയ്സ്വാളിന്റെ മാസ്മരിക പ്രകടനത്തിൽ മുന്നിൽ വീണത്. വിക്കറ്റാവട്ടെ മറ്റൊരു അരങ്ങേറ്റ താരം ഹർഷിത് റാണക്കും.
ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ഏകദിനം നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 133 റൺസെടുത്തിട്ടുണ്ട്. ജോസ് ബട്ലറും ജേകബ് ബേതലുമാണ് ക്രീസിൽ.