ജസീം സബാഹ് വഖഫ് ബോർഡിലേക്ക്; ജിദ്ദ പ്രവാസികൾക്ക് അഭിമാന നിമിഷം

ജിദ്ദ: കേരള സർക്കാർ പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിലേക്ക് മേലാറ്റൂർ ഗ്രാമപഞ്ചായത്ത് അംഗം ജസീം സബാഹ് തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രവാസി സമൂഹത്തിൽ ആഹ്ലാദം. ജിദ്ദയിലെ പ്രമുഖ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ജസീം സബാഹിന് ലഭിച്ച ഉന്നത അംഗീകാരം പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി. മലപ്പുറം മേലാറ്റൂർ സ്വദേശിയായ ജസീം സബാഹ് 13 വർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. തലാൽ ഇന്റർനാഷനൽ സ്കൂൾ, നുജൂം ഇന്റർനാഷനൽ സ്കൂൾ, അൽ ബറാഇം പ്രൈവറ്റ് സ്കൂൾ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപികയായി മികച്ച സേവനമാണ് കാഴ്ചവെച്ചത്.

കുട്ടികളുടെ മാനസികാവസ്ഥ തൊട്ടറിഞ്ഞുള്ള ഇവരുടെ നൂതനഅധ്യാപന ശൈലി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമിടയിൽ ഏറെ ജനപ്രീതി നേടിക്കൊടുത്തിരുന്നു. വിദേശത്തെ അധ്യാപന ജീവിതത്തിന് ശേഷം നാട്ടിലെത്തിയ അവർ സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ രംഗങ്ങളിൽ സജീവമാണ്.

വെൽഫെയർ പാർട്ടി പ്രതിനിധിയായ ജസീം സബാഹ് നിലവിൽ മേലാറ്റൂർ പഞ്ചായത്ത് എട്ടാം വാർഡ് അംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗ് സൈക്കോളജിയിൽ ഡിപ്ലോമയുമുള്ള ജസീം സബാഹിന്റെ അനുഭവസമ്പത്തും ജനകീയ ഇടപെടലുകളും വഖ്‌ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുമെന്ന് ജിദ്ദയിലെ വിവിധ പ്രവാസി കൂട്ടായ്മകളും സുഹൃത്തുക്കളും പ്രത്യാശ പ്രകടിപ്പിച്ചു.