‘ജാതി ഇന്ത്യയെ ഒന്നിപ്പിക്കുന്ന നൂൽ’; രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും ജാതി ചോദിച്ച് ആര്‍.എസ്.എസ് വാരിക
”യഥാർഥ പശ്ചാത്തലത്തിനപ്പുറം അടിസ്ഥാനപരമായി ഒരു സാമൂഹികവ്യവസ്ഥയായാണു ജാതി നിരീക്ഷിക്കപ്പെടുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ മതമാണത്. സങ്കൽപങ്ങൾക്കപ്പുറത്ത് അവരുടെ വ്യക്തിത്വത്തെ പോലും അതു രൂപപ്പെടുത്തുന്നുണ്ട്. മതവും വ്യക്തിത്വവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നൂലായാണ് അതു നിലനിൽക്കുന്നത്. അതാണ് ഹിന്ദു സ്വത്വത്തെയും രൂപപ്പെടുത്തുന്നത്. ഹിന്ദുമതം തന്നെയാണത്.”(ബോംബെ ബിഷപ്പ് ആയിരുന്ന ലൂയിസ് ജോർജ് മിൽനെയുടെ ‘മിഷൻസ് ടു ഹിന്ദൂസ്: എ കോണ്ട്രിബ്യൂഷൻ ടു ദി സ്റ്റഡി ഓഫ് മിഷനറി മെത്തേഡ്സ്’ൽനിന്ന്)RSS
അന്ന് മിഷനറിമാരെ വിഷമിപ്പിച്ച ചോദ്യം ബ്രിട്ടീഷുകാർ സൃഷ്ടിച്ച കോൺഗ്രസിനെ ഇന്നും കുഴക്കുകയാണ്. ഇന്ത്യയുടെ ജാതി ഏതാണെന്നതാണ് ആ രാഷ്ട്രീയ ചോദ്യം. ചരിത്രവും സമൂഹവും നൽകുന്ന ഉത്തരം ഹിന്ദു എന്നാണ്. ആ പേരിൽനിന്നു തന്നെ അതു വ്യക്തമാണ്. പക്ഷേ, രാജ്യം കോൺഗ്രസിനോട് അതിന്റെ ജാതിയെ കുറിച്ചു ചോദിച്ചാൽ, അവരുടെ ഏതു പ്രപിതാക്കന്മാരുടെ പേരാകും മറുപടിയായി ലഭിക്കുക? ഈസ്റ്റ് ഇന്ത്യ കമ്പനിയുടേതോ, എ.ഒ ഹ്യൂമിന്റേതോ!
സ്വന്തം ജാതിയെ കുറിച്ചു നിശബ്ദനായിരിക്കുകയും രാജ്യത്തെ മൊത്തം ജനങ്ങളുടെ ജാതിയെ കുറിച്ച് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിക്കു മുന്നിൽ, സ്വന്തം ജാതിയെക്കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടിയുടെയും സഖ്യകക്ഷിയുടെയും ജാതിയെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉയരുന്നത് അതുകൊണ്ടുതന്നെ അസാധാരണ സന്ദർഭമാണ്. ജാതിയെ സ്വന്തം നിലയ്ക്കു വ്യാഖ്യാനിക്കാനാണ് രാഷ്ട്രീയക്കാർ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, നാനാജാതി പാരമ്പര്യങ്ങളെയും സംരക്ഷിക്കുന്നതോടൊപ്പം, അവരെ ഒന്നിച്ചുനിർത്തുന്ന ഘടകമായാണ് ഇന്ത്യൻ സമൂഹം അതിനെ കരുതുന്നത്.
ഇന്ത്യയിൽ ജാതിയുടെ സ്ഥാനം എവിടെയാണെന്നതാണു ചോദ്യം. അമിതമായി മഹത്വവൽക്കരിക്കപ്പെട്ടിട്ടുണ്ടോ അത്? അതോ ചില സ്ഥാപിതതാൽപര്യക്കാരുടെ സൂക്ഷ്മമായ ‘കരങ്ങളാൽ’ അതു നിരന്തരം ആക്രമിക്കപ്പെട്ടിട്ടുണ്ടോ? തരംതാണ രാഷ്ട്രീയം മാറ്റിവച്ച് പാരമ്പര്യ-സമൂഹശാസ്ത്ര കാഴ്ചപ്പാടുകളിലൂടെ നോക്കുകയാണെങ്കിൽ, ജാതിസ്വത്വത്തിൽ ചില കാര്യങ്ങളുമുണ്ടെന്നു നമുക്കു കാണാനാകും. കുറച്ചുകാലമായി സമൂഹം അതിനെ മറച്ചുവയ്ക്കാറാണു പതിവ്. അതേക്കുറിച്ചു പതിഞ്ഞ സ്വരത്തിലായിരിക്കും അവർ സംസാരിക്കുന്നത്. എന്നാൽ, ജാതിയെ ഒരിക്കലുമവർ ഉപേക്ഷിച്ചിട്ടില്ല.
ജാതിസമസ്യയുടെ കുരുക്കഴിക്കുന്ന പ്രധാന താക്കോലാണിത്. ഇന്ത്യയ്ക്ക് ജാതി എന്നാൽ എന്താണ്? ഇന്ത്യയ്ക്കു പുറത്തുള്ളവർ ഈ ജാതിയുടെ കോട്ടയെ എങ്ങനെയാണു കാണുന്നത്? അധിനിവേശവും വ്യാവസായികവൽക്കരണവും ഈ ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ പൊതുവായും സവിശേഷവുമായും എങ്ങനെയാണു നോക്കിക്കാണുന്നത്?
രാമായണത്തിലെ ശബരി-നിഷാദ്രാജ്, വേദങ്ങളിലെ മഹിദാസ്, യോഗിവര്യരായ ദാദു-നാരായണഗുരു-രവിദാസ്… ആരോടും നമുക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. ഏതെങ്കിലും വർഗീകരണങ്ങളിലൂടെ മനസുകൾ വിഭജിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. എന്നാൽ, ഇന്ത്യ കീഴടക്കാനെത്തിയ അധിനിവേശകർക്കാണ് ജാതി ഒരു പ്രശ്നമായത്. മനുഷ്യർ പരസ്പരം ശത്രുതയും രക്തക്കൊതിയുമെല്ലാം കൊണ്ടുനടക്കുന്ന, അവർക്കു പരിചയമുള്ള ഗോത്രീയ ആചാരങ്ങളെപ്പോലെയായിരുന്നില്ല ഈ സാമൂഹികവ്യവസ്ഥ. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ തൊഴിലും കർമവുമെല്ലാം വെവ്വേറെ നിർണയിക്കുമ്പോഴും എല്ലാവരെയും ഒന്നിച്ചുനിർത്തിയ ഘടകമായിരുന്നു ജാതി.
വ്യാവസായിക വിപ്ലവത്തിനുശേഷം ജാതിയെ ഇന്ത്യയുടെ സംരക്ഷണ കവചമായാണ് മുതലാളിത്ത സമൂഹം പരിഗണിച്ചത്. ധാക്കയിൽ മനോഹരമായ കോട്ടൻ തുണികൾ നെയ്തുകൊണ്ടിരുന്ന ആയിരക്കണക്കിനു നെയ്ത്തുകാരുടെ വിരലുകൾ ബ്രിട്ടീഷുകാർ ഛേദിച്ചത് കാരണമൊന്നുമില്ലാതെയായിരുന്നില്ല. ജാതിവഴി തലമുറകളായി കൈമാറിവന്നിരുന്ന ഈ തൊഴിൽവൈദഗ്ധ്യത്തിനു മുന്നിൽ മാഞ്ചസ്റ്ററിലെ വൻകിട നെയ്ത്തുമില്ലിലെ പരുക്കൻ തുണികളുടെ നിലവാരമിടിഞ്ഞു. വ്യവസായങ്ങളെ തകർക്കുന്നതോടൊപ്പം, മതംമാറ്റത്തിലൂടെ ഇന്ത്യയുടെ സ്വത്വത്തെ മാറ്റിക്കളയാനും അധിനിവേശകർ നന്നായി അധ്വാനിച്ചു. അവർ പരാജിതരായിരുന്നില്ലെങ്കിൽ ജാതി വിഭാഗങ്ങൾ ഒന്നാകെ അപമാനം നേരിടേണ്ടവരുമായിരുന്നു. അഭിമാനത്തോടെ ഉയർന്നുനിന്ന തലകളിൽ മാലിന്യം നിക്ഷേപിച്ചവർ അവരാണ്. ഇല്ലെങ്കിൽ അതിനുമുൻപ് ഇന്ത്യയിൽ മാലിന്യം ചുമയ്ക്കുന്ന ദുരാചാരം നിലനിന്ന സമയമോ ഇടമോ പറയാൻ പറ്റുമോ?
തങ്ങളുടെ മതപരിവർത്തന പ്രചാരണങ്ങൾക്കു മുന്നിലുള്ള പ്രധാന വിഘ്നമായാണ് മിഷനറിമാരും പുരോഹിതന്മാരും ജാതിയെ കണ്ടതെങ്കിൽ, ഹിന്ദു ഐക്യത്തിലെ മുള്ളായിരുന്നു കോൺഗ്രസിനത്. ബ്രിട്ടീഷ് ഭരണത്തിനനുസരിച്ച് ജാതിയുടെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകൾ വിഭജിച്ച് വിഭജനവും ശത്രുതയും വളർത്താനാണ് അവർ നോക്കുന്നത്. തലമുറകളായി കൈമാറിവന്ന ഇന്ത്യയുടെ കരകൗശല വിദ്യകളെ വിലകുറച്ചു കണ്ടവർ തന്നെയാണ് ഹിന്ദുമതത്തിലെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും വൈവിധ്യത്തെയും തകർക്കാനുള്ള സ്വപ്നങ്ങളും കൊണ്ടുനടന്നതെന്നതിന്റെ തെളിവുകൾ ചെറിയൊരു ഗവേഷണം നടത്തിനോക്കിയാൽ കിട്ടും.
‘ലെസ് കാസ്റ്റ്സി’ൽ എ.എം ഹൊകാർട്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”വ്യവസായിക വിപ്ലവാനന്തര ലോകത്തെ ആധുനിക ജീവിതത്തോട് യോജിച്ചതല്ല കുലത്തൊഴിലുകൾ എന്നു പറയാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ പുരോഗമനപാതയിലൂടെ നമ്മൾ സഞ്ചരിക്കേണ്ടത് അനിവാര്യമാണെന്നും പറയാം. എന്നാൽ, സ്വപ്നംകണ്ടുനടക്കുന്ന ഈ ജാതിരഹിത സമത്വ ഇന്ത്യ എന്ന ഉട്ടോപ്യ ഏതുകാലത്ത് നടപ്പാക്കുമെന്നതിനെ കുറിച്ച് ഒരു ഉറപ്പുമില്ല. അത്തരമൊരു ഘട്ടത്തിൽ ഏത് ഹിന്ദുമതത്തെയാണു സ്വീകരിക്കുക എന്ന കാര്യവും വ്യക്തമല്ല.”
ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥ എക്കാലത്തും അധിനിവേശകരുടെ ഉന്നമായിരുന്നു. മുഗളന്മാർ വാളെടുത്താണ് അതിനെ നേരിട്ടത്; മിഷനറിമാർ ‘സേവനത്തിന്റെയും പരിഷ്‌ക്കരണത്തിന്റെയും’ കുപ്പായമിട്ടും. ഒരുകൂട്ടർ ജനങ്ങളുടെ തലയിൽ മാലിന്യം വച്ചുകെട്ടിയപ്പോൾ, രണ്ടാമത്തെ വിഭാഗം അതിനെ അടിച്ചമർത്തലിന്റെയും അസമത്വത്തിന്റെയും കേന്ദ്രമായാണു വിശേഷിപ്പിച്ചത്. സത്യം പക്ഷേ രണ്ടുമായിരുന്നില്ല. ജാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്ത് ഒന്നിച്ചുനിന്ന ജനത്തിന് ഒരുകാര്യം വളരെ എടുപ്പത്തിൽ മനസിലായി; ജാതിവഞ്ചന രാഷ്ട്രവഞ്ചന തന്നെയാണെന്ന്.
ഇന്ത്യയെ ഒന്നിച്ചുനിർത്തിയ ഈ സമവാക്യത്തെ മുഗളന്മാരെക്കാൾ മനസിലാക്കിയത് മിഷനറിമാരാണ്. ഇന്ത്യയെയും ഇന്ത്യൻ സ്വാഭിമാനത്തെയും തകർക്കണമെങ്കിൽ, ചങ്ങലയും ബന്ധനവുമാണെന്നു പറഞ്ഞ് ഐക്യത്തിന്റെ നൂലായ ജാതിയെ തകർത്തുകളഞ്ഞാൽ മതി. ഉദാഹരണത്തിനു നോക്കുക: ”ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരുടെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്നതാണു ജാതി. അവരുടെ ദേശീയജീവിതത്തിത്തിലും നിറഞ്ഞുനിൽക്കുന്നു അത്. അവരുടെ തത്വശാസ്ത്രത്തിന്റെയും സാഹിത്യത്തിന്റെയും സത്തയും അതുതന്നെ. ജനനം മുതൽ മരണം വരെയുള്ള ജീവിതത്തിലെ നാനാവിധ കാര്യങ്ങളെ സംബന്ധിച്ചുള്ളതാണത്. അവർക്ക് എന്തുമാത്രം പ്രധാനമാണ് അതെന്ന് ഇതിൽനിന്നു മനസിലാക്കാം. ജാതി അറുത്തുകളയുന്നത് അവരെ സ്വന്തം രാജ്യത്തിൽനിന്നു തന്നെ അറുത്തുമാറ്റുന്നതിനു തുല്യമാണ്.”(1859ൽ അന്നത്തെ കൽക്കട്ടയിലെ ലണ്ടൻ മിനിഷനറി സൊസൈറ്റിയുടെ റെവ. എഡ്വാർഡ് സ്റ്റോറോയുടെ ‘ഇന്ത്യ ആൻഡ് ക്രിസ്റ്റ്യൻ മിഷൻ’ എന്ന പുസ്തകത്തിൽനിന്ന്).
മിഷനറിമാർ മതപരിവർത്തനത്തിനുള്ള ഫോർമുലയായി മനസിലാക്കിയ കാര്യം, ‘ഭിന്നപ്പിച്ചു ഭരിക്കൽ’ നയത്തിലൂടെ അധികാരത്തിന്റെ അടിസ്ഥാനതത്വമാക്കി നടപ്പാക്കുകയായിരുന്നു ബ്രിട്ടീഷ് സർക്കാർ. ആത്മാഭിമാനം, ധാർമികത, സാമുദായിക സാഹോദര്യബോധം ഉൾപ്പെടെ ഹിന്ദുജീവിതം ജാതിക്കു ചുറ്റുമാണു കറങ്ങുന്നത്. വ്യക്തികേന്ദ്രീകൃത ക്രിസ്ത്യൻ വിശ്വാസങ്ങൾക്കു നേർവിപരീതമാണിത്. ഇതു മിഷനറിമാരെ നിരന്തരം കുഴക്കുന്ന കാര്യമാണ്. തങ്ങളുടെ രാഷ്ട്രീയയാത്ര സുഗമമാക്കാൻ രാജ്യത്തെ വിഭജിക്കുന്ന കോൺഗ്രസ് പ്രത്യയശാസ്ത്രത്തെയും ഈ സാഹോദര്യവും വൈകാരികമായ അടുപ്പവുമെല്ലാം അലോസരപ്പെടുത്തുന്നതിൽ അത്ഭുതമില്ല. വെറിയർ എൽവിൻ മുതൽ തെരേസ വരെയും, എ.ഒ ഹ്യൂം മുതൽ രാഹുൽ-സോണിയ വരെയും എല്ലാവരുടെയും കഥ ഇതുതന്നെയാണ്. അതുകൊണ്ടാണ് കോൺഗ്രസ് ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നത്.
ജാതിയെ അവഗണിച്ച്, രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനു പകരം, ജാതിയുടെ പ്രാധാന്യം കൂടുതൽ മനസിലാക്കേണ്ട ആവശ്യം ഇന്ത്യയിൽ ഇപ്പോഴുണ്ട്. രാഹുലും അദ്ദേഹത്തിന്റെ മാതാവ് അന്റോണിയോ മൈനോയും സഭയുടെയും കോളനിവൽക്കരണത്തിന്റെയും കണ്ണട മാറ്റിവയ്ക്കണം. കാരണം, ഇത് എല്ലാവർക്കും മനസിലാകുന്നൊരു ആശയമല്ല; ‘ഇന്ത്യയെ ഭിന്നിപ്പിച്ച് പണമുണ്ടാക്കുക’ എന്ന പഴയ അധിനിവേശ അജണ്ട തന്നെ പിന്തുടർന്ന് ഹിന്ദു ഐക്യത്തെ തകർക്കാൻ ജാതിയെയും സാമൂഹികസ്വത്വത്തെയും ഉപയോഗിക്കുന്നവർക്ക് പ്രത്യേകിച്ചും.