ജെഡിയു നേതാവ് പി.ജി ദീപക് വധം: അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

RSS

കൊച്ചി: നാട്ടികയിലെ ജെഡിയു നേതാവ് പി.ജി ദീപക് കൊലക്കേസിൽ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രശാന്ത്, ബ്രഷ്‌ണേവ്‌ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.RSS

ബിജെപി, ആർഎസ്എസ് പ്രവർത്തകരായ 10 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നൽകിയ അപ്പീലിൽ, അഞ്ച് പേർ കുറ്റക്കാരാണെന്ന് മാർച്ച് 27ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിലാണ് ഇന്ന് ശിക്ഷ വിധിച്ചത്. രാവിലെ മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായിരുന്നു.

2015 മാർച്ച് 24നായിരുന്നു ജെഡിയു സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക മണ്ഡലം പ്രസിഡന്റുമായ ദീപക്കിനെ കുത്തിക്കൊന്നത്. രാഷ്ട്രീയ കൊലപാതകമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിജെപി, ആർഎസ്എസ് പ്രാദേശിക നേതാക്കളായ പത്തു പേരായിരുന്നു പ്രതികൾ. ഇവരെ കുറ്റവിമുക്തരാക്കി വെറുതെവിടുകയായിരുന്നു തൃശൂർ ജില്ലാ അഡീഷണൽ സെഷൻസ് കോടതി.

മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമിച്ചതെന്നായിരുന്നു കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അറസ്റ്റിലായവർ തന്നെയാണ് ആക്രമിച്ചതെന്നതിനും ഇവർ തന്നെയാണ് യഥാർഥ പ്രതികളെന്നും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നായിരുന്നു കോടതി നിരീക്ഷണം. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്ത് ഏപ്രില്‍ എട്ടിന് ഹാജരാക്കാന്‍ മാർച്ച് 27ന് കോടതി പൊലീസിന് നിർദേശം നല്‍കിയിരുന്നു. ബിജെപി പ്രവർത്തകനായിരുന്നു ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിന്റെ വൈരാഗ്യമായിരുന്നു കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *