മറ്റുള്ളവരുടെ ഉളുപ്പ് അന്വേഷിക്കാൻ പോകുന്നതിനുമുമ്പ് എ.കെ.ജി സെന്ററിലെ കണ്ണാടി നോക്കി ബ്രിഡ്ജാസ് ചോദിക്കണം ‘ഉളുപ്പുണ്ടോടോ മുന്നേ തനിക്ക്…’ -ജിന്‍റോ ജോൺ

കോഴിക്കോട്: പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ക​ഴി​ഞ്ഞ ശേ​ഷം ഭ​ര​ണ, പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ൾക്കായി സ്പീ​ക്ക​ർ ന​ട​ത്താ​റു​ള്ള പ​തി​വ് ചാ​യ സ​ൽ​ക്കാ​ര​ത്തി​ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രി​യ​ങ്ക ഗാന്ധി പങ്കെടുത്തതിനെ വിമർശിച്ച ജോൺ ബ്രിട്ടാസ് എം.പിക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ. പ്രിയങ്ക ഗാന്ധിയോട് ഉളുപ്പുണ്ടോ എന്ന് ചോദിച്ചത് ഒന്ന് കണ്ണാടി നോക്കി പറയുന്നതാവും ബ്രിഡ്ജാസിന് നല്ലത് എന്ന് ജിന്‍റോ ജോൺ പരിഹസിക്കുന്നു.

പി.എം ശ്രീയിലൂടെ സംഘപരിവാർ പദ്ധതി നടപ്പാക്കാൻ ഒളിച്ചിരുന്ന് പാലം പണി നടത്തിയിട്ട് മുങ്ങി നടന്ന മുന്ന ഇന്ന് വെളിച്ചത്ത് ചായ കുടിക്കുന്നതിന്റെ ഉളുപ്പ് അളക്കാൻ നടക്കുന്ന ഉളുപ്പില്ലാത്ത ഈ ബ്രിഡ്ജാസ് അക്ഷരാർത്ഥത്തിൽ പിണറായിസ്റ്റ് അടിമയാണ് -എന്നാണ് ജിന്‍റോ കുറ്റപ്പെടുത്തുന്നത്. പിണറായിക്ക് കൈവിലങ്ങിലാതെ വഴിനടക്കാൻ ബ്രിഡ്ജാസ് കെട്ടിപ്പൊക്കിയ പാലത്തിന്റെ കൈവരികളിൽ ആർ.എസ്.എസിന്റെ പതാകയാണ് പാറി പറക്കുന്നതെന്നും ജിന്‍റോ ജോൺ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്

പ്രിയങ്ക ഗാന്ധിയോട് ഉളുപ്പുണ്ടോ എന്ന് ചോദിച്ചത് ഒന്ന് കണ്ണാടി നോക്കി പറയുന്നതാവും ബ്രിഡ്ജാസിന് നല്ലത്. പി എം ശ്രീയിലൂടെ സംഘപരിവാർ പദ്ധതി നടപ്പാക്കാൻ ഒളിച്ചിരുന്ന് പാലം പണി നടത്തിയിട്ട് മുങ്ങി നടന്ന മുന്ന ഇന്ന് വെളിച്ചത്ത് ചായ കുടിക്കുന്നതിന്റെ ഉളുപ്പ് അളക്കാൻ നടക്കുന്ന ഉളുപ്പില്ലാത്ത ഈ ബ്രിഡ്ജാസ് അക്ഷരാർത്ഥത്തിൽ പിണറായിസ്റ്റ് അടിമയാണ്. പിണറായി വിജയൻ കേരള ഹൗസിൽ ആർഎസ്എസ് ഗവർണറായ ആർലേക്കറുടെ മധ്യസ്ഥതയിൽ കെ വി തോമസിന് പുട്ടും കടലയും തിരുകിയിട്ട് നിർമിലാ സീതാരാമനുമായി നടത്തിയ സന്ധി സംഭാഷണത്തിന്റെ കാര്യവിവരങ്ങൾ അന്വേഷിച്ചിട്ടുണ്ടോ ഈ മാന്യൻ? ആർഎസ്എസ്സുകാരായ ഗവർണർമാരില്ലാതെ അത്താഴവും പ്രാതലും കഴിക്കാൻ പറ്റാത്ത പിണറായി വിജയന്റെ അസ്കിതയെക്കുറിച്ച് ഒരിക്കലെങ്കിലും ചോദ്യം ചോദിച്ചിട്ടുണ്ടോ ഈ ബ്രിഡ്ജാസ്? കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ സംഘപരിവാർവത്ക്കരണത്തിന് കാരണമായ പിണറായി വിജയന്റെ മോദി വിധേയത്വത്തെക്കുറിച്ച് ഒരിക്കലെങ്കിലും സംശയം തോന്നിയിട്ടുണ്ടോ ഈ കൈരളിക്കാരന്? തൃശ്ശൂർ പൂരം കലക്കി സംഘപരിവാറിന് വീടുപണി ചെയ്ത് സുരേഷ് ഗോപിയെ പാർലമെന്റിലേക്ക് അയച്ചതിനെ കുറിച്ച് ഒരു സംശയവുമില്ല ഈ പാലം പണിക്കാരന്! (?)

ആർലേക്കറുമായി വിട്ടുവീഴ്ച നടത്തി വി സി നിയമനത്തിൽ പങ്കുപറ്റിയ പിണറായി വിജയനോട് ഉളുപ്പ് അന്വേഷിക്കാൻ ധൈര്യമുണ്ടോ ഇങ്ങേർക്ക്? അഴിമതി കേസുകളിൽ മുഖ്യമന്ത്രിയുടെയും മകളുടെയും മകന്റെയുമൊക്കെ പുറകെ കത്തയച്ച് കാത്തിരിക്കുന്ന കേന്ദ്ര അന്വേഷണങ്ങൾ എവിടെ വരെയെത്തിയെന്ന് അറിയാനായി ആവേശമുണ്ടോ ഈ സിജെപിക്കാരന്? യുഡിഎഫും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും നിരന്തരം പറയുന്ന വോട്ടുചോരി ആരോപണത്തിൽ ഒരിക്കൽ പോലും മുഖ്യമന്ത്രി നാവുരിയാടാത്തത് എന്തേയെന്ന് അന്വേഷിക്കാനുള്ള ഉളുപ്പ് എങ്കിലും കാണിക്കണം ബ്രിജാസ്. എൻ കെ പ്രേമചന്ദ്രനോ പ്രിയങ്ക ഗാന്ധിയോ ചായ കുടിച്ചാൽ കുറ്റമാകുമെങ്കിൽ പിണറായി ഉരുള ഉരുട്ടി കൊടുത്ത പുട്ടും കടലയും തീവ്രത കുറഞ്ഞ ഉളുപ്പില്ലായ്മയാണോ. മോദിയുടെ പേര് പറയാൻ ഭയക്കുന്നവരുടെ മൂടുത്താങ്ങികൾ പരസ്യമായ ചായകുടിയുടെ ഉളുപ്പളക്കാറായോ?

പിണറായിക്ക് കൈവിലങ്ങിലാതെ വഴിനടക്കാൻ ബ്രിഡ്ജാസ് കെട്ടിപ്പൊക്കിയ ആ പാലത്തിന്റെ കൈവരികളിൽ ആർഎസ്എസ്സിന്റെ പതാകയാണ് പാറി പറക്കുന്നത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചായ പങ്കിടുന്നതിൽ പോലും ഉളുപ്പളക്കുന്ന ബ്രിഡ്ജാസ് കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ സംഘപരിവാർവൽക്കരണത്തെക്കുറിച്ചോ, പിണറായി സർക്കാരിന്റെ ആർഎസ്എസ് പ്രീണനത്തെക്കുറിച്ചോ, വർഗ്ഗീയ വാദികളെ കെട്ടഴിച്ച് വിടുന്നതിനെ കുറിച്ചോ, ഒറ്റ എംഎൽഎ പോലുമില്ലാതെ ആർഎസ്എസ് ഭരിക്കുന്ന ആഭ്യന്തര വകുപ്പിനെ കുറിച്ചോ അന്വേഷിക്കാനുള്ള ഉളുപ്പില്ലാത്തവനെ എകെജി സെന്ററിൽ ഒളിഞ്ഞിരിക്കുന്ന മുന്ന എന്നാണ് കേരളത്തിലെ മതേതര മനുഷ്യരും നല്ല സഖാക്കളും വിളിക്കുന്നത്. പാർട്ടിക്കുവേണ്ടി ഒന്ന് വിയർക്കാതെ, ഒരു മുദ്രാവാക്യം പോലും വിളിക്കാതെ പാർട്ടി ചാനലിൽ ശമ്പളം പറ്റി മാത്രം സേവനം നടത്തി പിണറായിക്ക് വിടുപണി ചെയ്ത് വാങ്ങിയ എംപി സ്ഥാനത്തിന്റെ തലക്കനത്തിൽ മറ്റുള്ളവരുടെ ഉളുപ്പ് അന്വേഷിക്കാൻ പോകുന്നതിനു മുമ്പ് എകെജി സെന്ററിലെ കണ്ണാടി നോക്കി ബ്രിഡ്ജാസ് ചോദിക്കണം … “ഉളുപ്പുണ്ടോടോ മുന്നേ തനിക്ക്” എന്ന്.