ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനിടെയുണ്ടായ എബിവിപി ആക്രമണം; ജെഎൻയുവില്‍ പ്രതിഷേധ മാർച്ച്

ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ ഉണ്ടായ എബിവിപി ആക്രമണത്തിൽ പ്രതിഷേധിച്ച് ജെഎൻയുവിൽ പ്രതിഷേധ മാർച്ച്. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് വിദ്യാർഥികൾക്കു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായില്ല. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ഡോക്യുമെന്ററി കണ്ട് വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു.

ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

‘2023 ജനുവരി 24ന് രാത്രി 9 മണിക്ക് ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ ജെ.എൻ.യു.എസ്.യുവിൻറെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ പരിപാടിക്ക് ജെ.എൻ.യു അധികൃതരിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്സിറ്റി കാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തും. വിദ്യാർഥികൾ എത്രയും പെട്ടെന്ന് പരിപാടി റദ്ദാക്കണം. അല്ലെങ്കിൽ യൂണിവേഴ്സിറ്റി നിയമ പ്രകാരം അച്ചടക്ക നടപടി നേരിടേണ്ടിവരും’- എന്നാണ് രജിസ്ട്രാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *