ജോലി, സുരക്ഷിത ജീവിതം: യുപി, ബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്‌ലിംകളുടെ കുടിയേറ്റ കേന്ദ്രമായി പഞ്ചാബ്

Jobs
ലുധിയാന: 12 ലക്ഷം രൂപ ചെലവഴിച്ച് ഒരു വർഷം കൊണ്ടാണ് പഞ്ചാബിലെ ബഖത്ഗഢ് ഗ്രാമത്തിൽ ഉമറുബ്‌നുൽ ഖത്താബ് മസ്ജിദ് പണികഴിപ്പിച്ചത്. പിങ്ക് വരകളുള്ള വെള്ള മിനാരങ്ങളുമായി തലയുയർത്തി നിൽക്കുന്ന മസ്ജിദ് ഇന്ന് പ്രദേശത്തെ പ്രധാനപ്പെട്ട ആത്മീയ കേന്ദ്രമാണ്. ഏകദേശം 3500 പേരുള്ള ഗ്രാമത്തിൽ 15 മുസ്‌ലിം കുടുംബങ്ങളാണുള്ളത്. എന്നാൽ ഇവർ മാത്രമല്ല ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള അതിഥി തൊഴിലാളികളും ഇവിടെയാണ് പ്രാർഥനക്ക് എത്തുന്നത്.Jobs

 

ബ​ഖർ​ഗഢ് ​ഗ്രാമത്തിലെ ഉമറുബ്നുൽ ഖത്താബ് മസ്ജിദ്

2022ലാണ് സിഖുകാരനായ പ്രദേശവാസി ഏകദേശം അഞ്ച് സെന്റ് സ്ഥലം മസ്ജിദ് നിർമാണത്തിനായി നൽകിയത്. അതിന് മുമ്പ് പ്രദേശത്തെ മുസ്‌ലിംകൾ നാല് കിലോമീറ്റർ അപ്പുറത്ത് മറ്റൊരു ഗ്രാമത്തിലെ പള്ളിയിൽ എത്തിയാണ് പ്രാർഥന നിർവഹിച്ചിരുന്നത്. ഗ്രാമത്തിലെ മുസ്‌ലിംകളുടെയും മറ്റു സമുദായത്തിൽപ്പെട്ട പ്രദേശവാസികളുടെയും മറ്റു സ്ഥലങ്ങളിലെ മുസ്‌ലിംകളുടെയും യോജിച്ച പ്രവർത്തനത്തിലൂടെയാണ് മസ്ജിദ് നിർമാണം പൂർത്തിയായതെന്ന് പ്രദേശത്തെ വെറ്ററിനറി ഡോക്ടറായ മോത്തി ഖാൻ പറഞ്ഞു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്‌ലിം കുടുംബങ്ങൾ ഏകദേശം ആറു ലക്ഷം രൂപയാണ് മസ്ജിദ് നിർമാണത്തിനായി സംഭാവന നൽകിയതെന്ന് മോത്തി ഖാൻ പറഞ്ഞു.

 

ബഖത്ഗഢിലെ മസ്ജിദിന് സ്ഥലം നൽകിയ അമൻദീപ് സിങ്, പ്രദേശവാസികളായ മോത്തി ഖാൻ, ഭോലാ ഖാൻ എന്നിവർ പള്ളിക്ക് മുന്നിൽ

പഞ്ചാബിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ മാറ്റത്തിന്റെ ചെറിയ സൂചന മാത്രമാണ് ഈ മസ്ജിദ്. ഇന്ത്യാ വിഭജനത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന പള്ളികൾ പുനരുജ്ജീവിപ്പിക്കാനും പുതിയവ നിർമിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് സജീവമായി നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇത്തരത്തിലുള്ള 165 മസ്ജിദുകൾ ഉയർന്നുവന്നിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന കമ്മിറ്റി അംഗമായ വ്യക്തി പറഞ്ഞു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്‌ലിം തൊഴിലാളികളുടെ പ്രധാനപ്പെട്ട കുടിയേറ്റ കേന്ദ്രമായി പഞ്ചാബ് മാറുകയാണ്. 1990 മുതൽ അന്തർ സംസ്ഥാന കുടിയേറ്റം വർധിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ തൊഴിലാളികൾ അവരുടെ കുടുംബത്തെ കൂടി കൂടെ കൊണ്ടുവരുന്നു എന്നതാണ് പ്രധാനപ്പെട്ട സവിശേഷത. സിഖ് സമുദായത്തിന്റെ പിന്തുണയോടെ കൂടുതൽ കൂടുതൽ മുസ്‌ലിം പള്ളികൾ സംസ്ഥാനത്ത് ഉയരുന്നുണ്ട്. ബിഹാറിലെ പൂർണിയയിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീൻ ആണ് ബഖത്ഗഢ് മസ്ജിദിലെ ഇമാം.

ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും വിഭജനത്തിന് മുമ്പുള്ള കാലത്തിന് സമാനമായ രീതിയിൽ പഞ്ചാബിലെ മുസ്‌ലിം ജനസംഖ്യ വലിയ രീതിയിൽ ഉയരുന്നുണ്ട്. കാർഷിക മേഖലയിൽ മാത്രമല്ല വ്യവസായരംഗത്തും കുടിയേറ്റക്കാരുടെ വലിയ സ്വാധീനമുണ്ട്. ലുധിയാന, ഛണ്ഡീഗഢ്, ജലന്ധർ തുടങ്ങിയ സ്ഥലങ്ങളിലെ ഫാക്ടറികളിൽ അതിഥി തൊഴിലാളികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മധ്യവർഗക്കാരായ ബിസിനസുകാരും കുടുംബസമേതം പഞ്ചാബിലേക്ക് കുടിയേറുന്നത് വലിയ രീതിൽ വർധിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയായ മുഹമ്മദ് അഹദ് കഴിഞ്ഞ 25 വർഷമായി ലുധിയാനയിൽ ഇ-വേസ്റ്റ് ബിസിനസ് നടത്തുന്ന ആളാണ്. സമീപകാലത്ത് യുപിയിൽ നിന്ന് പഞ്ചാബിലേക്ക് എത്തുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ടെന്ന് അഹദ് പറഞ്ഞു. അടുത്ത കാലത്ത് വാരാണസിയിൽ നിന്ന് പഞ്ചാബിലെത്തിയ അഞ്ച് കുടുംബങ്ങളെയെങ്കിലും അഹദിന് പരിചയമുണ്ട്. ഇവരെല്ലാം ഫർണിച്ചർ ബിസിനസുകാരാണ്. ബിസിനസ് ലക്ഷ്യമിട്ട് മാത്രമല്ല ഇവർ നാടുവിട്ടത്. നാട്ടിൽ അയൽക്കാർക്ക് തങ്ങളോടുള്ള പെരുമാറ്റം പണ്ടില്ലാത്ത രീതിയിൽ മോശമായിട്ടുണ്ടെന്ന് ഇവർ പറയുന്നു. 2000ന്റെ തുടക്കത്തിലാണ് അഹദിന്റെ പിതാവ് മുഹമ്മദ് ഇർഫാൻ പഞ്ചാബിലെത്തിയത്. ലുധിയാനയിലുള്ള കുടിയേറ്റ കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച അഹദിന് മൂന്ന് മക്കളുണ്ട്. താൻ എത്തിയ അതേ കാലത്ത് ഏകദേശം 10 കുടുംബങ്ങൾ പടിഞ്ഞാറൻ യുപിയിൽ നിന്ന് ലുധിയാനയിൽ എത്തിയിട്ടുണ്ടെന്നും അവരെല്ലാം ഇവിടെ സ്ഥിരതാമസമാക്കിയെന്നും ഇർഫാൻ പറഞ്ഞു.

 

മുഹമ്മദ് അഹദ് തന്റെ കടക്ക് മുന്നിൽ

2011ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികളെ പഞ്ചാബിലേക്ക് അയക്കുന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, ഹരിയാന, ബിഹാർ എന്നിവയാണ്. യുപിയിൽ നിന്ന് 6,50,000 പേരും ബിഹാറിൽ നിന്ന് 3,50,000 പേരും പഞ്ചാബിലേക്ക് കുടിയേറിയിട്ടുണ്ട്. 1971ൽ പഞ്ചാബിലെ മുസ്‌ലിം ജനസംഖ്യ 2,52,688 ആയിരുന്നു എന്നാൽ 2011ലെ സെൻസസ് പ്രകാരം അത് 5,35,489 ആയി ഉയർന്നിട്ടുണ്ട്.

മതപരമായ കാരണങ്ങൾകൊണ്ടല്ല ആളുകൾ പഞ്ചാബിൽ എത്തിയിരുന്നത്. പക്ഷേ സമീപകാലത്ത് യുപിയിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റത്തിൽ വലിയ വർധനയുണ്ടായിട്ടുണ്ട്. അതിന് കാരണം അവിടത്തെ അന്തരീക്ഷമാണ്. ജോലിക്ക് വേണ്ടി മാത്രമല്ല, സ്ഥിരമായി താമസിക്കാനാണ് അവർ പഞ്ചാബിലെത്തുന്നത് – ഇസ്‌ലാമിക് വെൽഫെയർ സൊസൈറ്റി പഞ്ചാബ് യൂണിറ്റ് പ്രസിഡന്റ് സർവാർ ഗുലാം സാബ പറഞ്ഞു.

അമൻദീപ് സിങ് ആണ് ബഖദ്ഗഢിൽ പള്ളി നിർമാണത്തിനായി ഭൂമി നൽകിയത്. അദ്ദേഹത്തിന്റെ ഏക മകൻ കാനഡയിൽ സ്ഥിരതാമസക്കാരനാണ്. തന്റെ ചെറിയ കുടുംബത്തിന് കൂടുതൽ ഭൂമി ആവശ്യമില്ലാത്തതിനാൽ ഈ ഭൂമി സാമൂഹിക ബന്ധങ്ങളുടെ ഭാഗമായി ദാനം ചെയ്യുകയായിരുന്നു എന്ന് അമൻദീപ് സിങ് പറഞ്ഞു. ബഖദ്ഗഢിന്റെ സമീപ പ്രദേശങ്ങളിലും സമാനമായ രീതിയിൽ നാല് പള്ളികൾ ഉയരുന്നുണ്ട്.

ബഖദ്ഗഢിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെ ഭോട്‌നയിൽ 1947ലെ മസ്ജിദ് പുനർനിർമിക്കുന്നുണ്ട്. ഉമർപുരയിലും സമാനമായ രീതിയിൽ പള്ളി നിർമാണം നടക്കുന്നുണ്ട്. ബർണാല ജില്ലയിലെ മൂം ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും ചേർന്ന് 12 ലക്ഷം രൂപയാണ് 2020ൽ ‘അമൻ മസ്ജിദ്’ നിർമാണത്തിന് സംഭാവന ചെയ്തത്. 2023 മാർച്ചിൽ ബർണാല ജില്ലയിലെ കുത്ബ ബഹ്മാനിയ ഗ്രാമത്തിൽ കേടുപാട് സംഭവിച്ച 1947ലെ മസ്ജിദ് പുനർനിർമിച്ചിരുന്നു. 2021ൽ ഗ്രാമ മുഖ്യനായ പാലാ സിങ്ങിന്റെ മേൽനോട്ടത്തിലാണ് ഭല്ലൂരിൽ വിഭജനത്തിന് മുമ്പ് നിലവിലുണ്ടായിരുന്ന മസ്ജിദ് പുനർനിർമിച്ചത്.

 

ബർണാലയിലെ ബോട്ന ​ഗ്രാമത്തിൽ പുനരുദ്ധാന പ്രവൃത്തി നടക്കുന്ന 19-ാം നൂറ്റാണ്ടിലെ പള്ളി

വിഭജനത്തിന് ശേഷം ഭൂരിഭാഗം മുസ്‌ലിം കുടുംബങ്ങളും പാകിസ്താനിലേക്ക് പോയതോടെ മസ്ജിദിന് കേടുപാട് സംഭവിച്ചിരുന്നു. അതേഭൂമിയിൽ തന്നെയാണ് പുതിയ പള്ളി നിർമിച്ചിരിക്കുന്നത് – പാലാ സിങ് പറഞ്ഞു.

ഈ വർഷം ജനുവരിയിൽ മലേർകോട്‌ലയിലെ ഉമർപുര ഗ്രാമത്തിൽ പുതിയ പള്ളിയുടെ നിർമാണ ഉദ്ഘാടനത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഗ്രാമത്തിലെ മുൻ സർപഞ്ച് സുഖ്ജിന്ദർ സിങ് നോനിയും സഹോദരനുമാണ് പള്ളി നിർമാണത്തിനായി ഭൂമി നൽകിയത്. പഞ്ചാബ് ഷാഹി ഇമാം മുഹമ്മദ് ഉസ്മാൻ റഹ്മാൻ ലുധ്യാൻവിയാണ് ജനുവരി 12ന് പള്ളിയുടെ തറക്കല്ലിടൽ കർമം നിർവഹിച്ചത്.

ലുധിയാനയിലെ ബിസിനസുകാരനാണ് അലീമുദ്ദീൻ സിദ്ദീഖി. മികച്ച ബന്ധമുള്ള ഒരു സാമൂഹിക അന്തരീക്ഷം പഞ്ചാബിൽ നിലനിൽക്കുന്നുണ്ടെന്ന് സിദ്ദീഖി പറയുന്നു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകൾ അടച്ചുപൂട്ടണമെന്ന് ഇവിടെ ആരും ഭീഷണിപ്പെടുത്തുന്നില്ല. തന്റെ മതവും പേരും വ്യക്തമാക്കുന്ന ബോർഡുകൾ ഹോട്ടലുകൾക്ക് മുന്നിൽ സ്ഥാപിക്കണമെന്ന് ആരും ആവശ്യപ്പെടാറില്ലെന്നും സിദ്ദീഖി പറഞ്ഞു.

അതേസമയം കുടിയേറ്റത്തിന് പിന്നിൽ മതപരമായ കാരണങ്ങളില്ല എന്നാണ് ഛണ്ഡീഗഢിന് സമീപം താമസിക്കുന്ന തബ്‌രീസ് ആലം പറയുന്നത്. സംഭലിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ഡീലറാണ് ആലം. സാമ്പത്തിക കാരണങ്ങളാണ് കുടിയേറ്റത്തിന് കാരണമെന്നാണ് ആലം പറയുന്നത്. മുസ്‌ലിംകൾ മാത്രമല്ല ഹിന്ദുക്കളും ജീവിക്കാനായി നാടുവിടുന്നുണ്ട്. അതേസമയം സിഖുകാരും മുസ്‌ലിംകളും തമ്മിൽ സാംസ്‌കാരിക ബന്ധമുണ്ട്. സിഖ് സമൂഹം വളരെ സൗഹാർദപരമായാണ് മുസ്‌ലിംകളുമായി ഇടപെടുന്നതെന്നും അവർ വലിയ പിന്തുണയാണ് തങ്ങൾക്ക് നൽകുന്നതെന്നും തബ്‌രീസ് ആലം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *