ജോസ് കെ. മാണിയുടെ മകനോടിച്ച കാറിടിച്ച് രണ്ടു പേർ മരിച്ച കേസ്: ചോദ്യത്തിന് പ്രസക്തിയില്ലെന്ന് റോഷി അഗസ്റ്റിൻ

കോട്ടയം: ജോസ് കെ. മാണിയുടെ മകൻ ഓടിച്ച കാറിടിച്ച് രണ്ടു പേർ മരിച്ച കേസിലെ അട്ടിമറിയെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി മന്ത്രി റോഷി അഗസ്റ്റിൻ. ചോദ്യത്തിന് പ്രസക്തിയില്ല എന്നായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം. കെ.എം മാണി അനുസ്മരണ ചടങ്ങിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരമൊരു ചോദ്യത്തിന് ഇന്നത്തെ ദിവസം എന്ത് പ്രസക്തി? അതിന് എന്താണ് മറുപടി പറയേണ്ടത്? ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ആശങ്കയും ഞങ്ങൾക്കില്ല -എന്നായിരുന്നു പ്രതികരണം. ജോസ് കെ. മാണി അപ്പോൾ റോഷി അഗസ്റ്റിന്‍റെ സമീപത്തുണ്ടായിരുന്നു.

കേസിൽ ജോസ് കെ. മാണിയുടെ മകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട്​ ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണി ജൂനിയർ (19) ഓടിച്ച ഇന്നോവ സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേരാണ് മരിച്ചത്. സ്കൂട്ടർ യാത്രക്കാരായ കറിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോൺ (ജിസ്-35), സഹോദരൻ ജിൻസ്‌ ജോൺ (30) എന്നിവരാണ് മരിച്ചത്. അലക്ഷ്യമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് 19കാരനെതിരെ കേസെടുത്തിട്ടുള്ളത്.

അപകടസമയത്ത് വാഹനം ഓടിച്ചത് 47 വയസ്സുള്ള ഒരാൾ എന്നായിരുന്നു പൊലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത്. എന്നാൽ, വാഹനം ഓടിച്ചത് ജോസ് കെ. മാണിയുടെ മകൻ കെ.എം. മാണിയാണെന്ന് ആരോപണം ഉയർന്നു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. കാറിന്റെ ഉടമസ്ഥൻ ജോസ് കെ. മാണിയുടെ സഹോദരീ ഭർത്താവെന്നാണ് രേഖയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *