‘വെറും പ്രഹസനം’; റഷ്യയുടെ വെടിനിര്‍ത്തൽ പ്രഖ്യാപനത്തെ പരിഹസിച്ച് സെലൻസ്കി

ceasefire

കിയവ്: മെയ് 8 ന് ക്രെംലിൻ ഏകപക്ഷീയമായ മൂന്ന് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷം റഷ്യൻ സൈന്യം ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യുക്രൈൻ. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തില്‍ റഷ്യ നേടിയ വിജയത്തിന്റെ 80-ാം വാര്‍ഷികാഘോഷ പശ്ചാത്തലത്തിൽ റഷ്യ മൂന്ന് ദിവസത്തെ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചിരുന്നു.ceasefire

”മെയ് 8 വരെ കാത്തിരിക്കേണ്ട കാര്യമില്ല. വെടിനിര്‍ത്തൽ പ്രഖ്യാപനം കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്” യുക്രൈൻ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലൻസ്കി പറഞ്ഞു. യുഎസിന്‍റെ നിർബന്ധപ്രകാരം, നിരുപാധികമായ 30 ദിവസത്തെ വെടിനിർത്തലിന് യുക്രൈൻ ഇതിനകം സമ്മതിച്ചിരുന്നുവെന്നും എന്നാൽ റഷ്യ സമ്മതിച്ചില്ലെന്നും സെലെൻസ്‌കി ചൂണ്ടിക്കാട്ടി.സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ റഷ്യ സമ്മതിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുടിൻ തന്‍റെ കൈകൾ ശക്തിപ്പെടുത്താൻ വെടിനിർത്തൽ ചർച്ചകളിൽ കാലതാമസം വരുത്തുകയാണെന്നും സെലൻസ്കി പറഞ്ഞു. ”റഷ്യ യഥാര്‍ഥത്തിൽ വെടിനിര്‍ത്തൽ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉടനടി പൂര്‍ണമായി നടപ്പിലാക്കണം – സുരക്ഷിതവും ഉറപ്പുള്ളതുമാണെന്ന് ഉറപ്പാക്കാൻ കുറഞ്ഞത് 30 ദിവസത്തേക്കെങ്കിലും” അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്കോ ദീർഘകാല വെടിനിർത്തലിന് സമ്മതിക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി എസ്. പെസ്കോവ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

മെയ് 8 മുതൽ 11വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലാണ് റഷ്യ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ എല്ലാ തരത്തിലുമുള്ള യുദ്ധ നടപടികളും നിര്‍ത്തിവെക്കുമെന്ന് ക്രെംലിന്‍ അറിയിച്ചു. തങ്ങളുടെ മാതൃക യുക്രൈനും പിന്തുടരുമെന്ന് കരുതുന്നതായും എന്നാല്‍ പ്രകോപനമുണ്ടായാല്‍ റഷ്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിക്കുമെന്നും ക്രെംലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ഈസ്റ്റര്‍ ദിനത്തില്‍ റഷ്യ 30 മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇരുപക്ഷവും പോരാട്ടത്തിൽ കുറവുണ്ടായതായി റിപ്പോർട്ട് ചെയ്തപ്പോൾ, നൂറുകണക്കിന് നിയമലംഘനങ്ങൾ നടത്തിയതായി പരസ്പരം ആരോപിച്ചു.മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് തിങ്കളാഴ്ച ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. യുക്രൈൻ വെടിനിർത്തൽ കരാർ ലംഘിച്ചാൽ, റഷ്യൻ ഫെഡറേഷന്റെ സായുധ സേന തക്ക മറുപടി നൽകുമെന്നും റഷ്യ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *