ശിവന്‍കുട്ടി സംഘിക്കുട്ടിയായി മാറി -കെ. മുരളീധരന്‍
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ സോണിയ ഗാന്ധിയുടെ പേര് വലിച്ചിഴക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി. ശിവന്‍കുട്ടി സംഘിക്കുട്ടിയായി മാറിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍. കോണ്‍ഗ്രസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ ആചാരം ലംഘിച്ച് സ്ത്രീകളെ കയറ്റിയപ്പോള്‍ ശുദ്ധികലശം ചെയ്തതിന്റെ പ്രതികാരമായാണ് തന്ത്രിയിലേക്കുമാത്രം സ്വര്‍ണക്കൊള്ള കേസ് ഒതുക്കാന്‍ ശ്രമിക്കുന്നത്. കോടതിയുടെ നിരീക്ഷണമുണ്ടായിട്ടുപോലും അറസ്റ്റിലായവര്‍ക്കെതിരെ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും കുറ്റവാളികള്‍ ഓരോരുത്തരായി ജയില്‍മോചിതരാവുകയുമാണ്. പോറ്റിയുമൊത്തുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം ഉപയോഗിച്ച് കേസ് വഴിതിരിച്ചുവിടാനും സ്വര്‍ണംകട്ട സി.പി.എം നേതാക്കളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എന്‍. ശക്തന്‍ അധ്യക്ഷതവഹിച്ചു. എം.എം. ഹസന്‍, പാലോട് രവി, എം. വിന്‍സെന്റ് എം.എല്‍.എ, വി.എസ്. ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, മര്യാപുരം ശ്രീകുമാര്‍, എം.എ. വാഹീദ്, മണക്കാട് സുരേഷ്, വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, ജി.എസ്. ബാബു, കെ.എസ്. ഗോപകുമാര്‍, പി.കെ. വേണുഗോപാല്‍, ആര്‍. സെല്‍വരാജ്, ഗോപു നെയ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളക്ക് ഉത്തരവാദിയായ ദേവസ്വം മന്ത്രി രാജിവയ്ക്കുക, മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുന്നയിച്ച് 27ന് സെക്രട്ടേറിയറ്റിനുമുമ്പില്‍ ധര്‍ണ നടത്തും.
